അഡ്മിനിസ്ട്രേറ്റർക്കെതിരെ ബി.ജെ.പി ലക്ഷദ്വീപ് ഘടകം; പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsകോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർട്ടി ജനറൽ സെക്രട്ടറി കത്തയച്ചു.
അഡ്‍മിനിസ്ട്രേറ്റര്‍ ദ്വീപിലെ വിവിധ ക്ഷേമപദ്ധതികൾ നിർത്തലാക്കി. ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും മുഹമ്മദ് കാസിം ചൂണ്ടിക്കാട്ടുന്നു.
കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തിലാക്കി. 500 താൽകാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു.15 സ്കൂളുകൾ അടച്ചുപൂട്ടി. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം കത്തിൽ വിവരിക്കുന്നു.
ജനങ്ങൾ നേരിടുന്ന പുതിയ വിഷമങ്ങൾ ഉത്തരവാദപ്പെട്ടവരെ അറിയിക്കുക മാത്രമാണ് ചെയ്തെന്ന് മുഹമ്മദ് കാസിം മീഡിയവണിനോട് പറഞ്ഞു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം വലിയ വികസനമാണ് ദ്വീപിൽ ഉണ്ടായിട്ടുള്ളത്. കേന്ദ്ര സർക്കാറിനെതിരായ ഹിഡൻ അജണ്ടായെന്ന് ബി.ജെ.പി സംസ്ഥാന ഘടകം കരുതുന്നില്ലെന്നും കാസിം പറഞ്ഞു.
രാഷ്ട്രീയ നിയമനം വഴി വന്ന മുൻ അഡ്മിനിസ്ട്രേറ്റർ ഫറൂഖ് അൻസാർ എല്ലാവരുമായി സഹകരിച്ചിരുന്നു. അക്കാലത്ത് ദ്വീപ് വാസികൾ സന്തോഷത്തിലായിരുന്നു. അതിന് ശേഷമാണ് അഡ്മിനിസ്ട്രേറ്ററായി ദിനേശ് ശർമ വന്നത്. എം.പിമാർ ഉൾപ്പെടെയുള്ളവരെ വിളിച്ച് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ യോഗം വിളിച്ചിരുന്നു.
വികസനം കൊണ്ടുവരാൻ നിർദേശങ്ങൾ വേണമെന്ന് അഡ്മിനിസ്ട്രേറ്ററിന്‍റെ ആവശ്യം എല്ലാവരും സ്വാഗതം ചെയ്തിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായും മുഹമ്മദ് കാസിം ചൂണ്ടിക്കാട്ടി.
അതേസമയം, അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പാർട്ടി ജനറൽ സെക്രട്ടറിയുടെ നടപടിയെ തള്ളി വൈസ് പ്രസിഡന്‍റ് രംഗത്തെത്തി. കാസിമിന്‍റെ കത്ത് നേതൃത്വം അറിഞ്ഞു കൊണ്ടല്ലെന്നും അഡ്മിനിസ്ട്രേറ്റർക്ക് പൂർണപിന്തുണ നൽകുന്നുവെന്നും കെ.പി. മുത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.