തരൂരിന് യോഗിയോട് അസൂയ,ശശിയായി എന്ന് പറയുംപോലെ ശശി തരൂർ ആയി എന്ന പ്രയോഗവും വരും -ബി. ഗോപാലകൃഷ്ണൻ
text_fieldsദേശീയ ആരോഗ്യ സൂചികയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശാകട്ടെ പട്ടികയിൽ ഏറെ പിന്നിലും. വിഷയത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കണ്ടു പഠിക്കണം എന്ന ആഹ്വാനവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തിയിരുന്നു.
ഇതിനെതിരെയാണ് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ശശി തരൂർ എന്ന വിശ്വമാനവന് കൊതിക്കെറുവും അസൂയയുമാണെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. അസൂയക്ക് വായിൽ കൊള്ളാത്ത പുതിയ ഇംഗ്ലീഷ് പദം ഉണ്ടങ്കിൽ അത് കൃത്യമായി ചേരുംപടി ചേർക്കാൻ തരൂരിന് മാത്രമെ കഴിയൂ.
ആഗ്രഹം കുറെ ഉണ്ടങ്കിലും ഒന്നും നടക്കാത്തതിലുള്ള നിരാശയും അസൂയയും കൊതിയും എല്ലാം കൂടി ചേരുന്ന പുതിയ ഇംഗ്ലീഷ് പദം എന്ത് എന്ന് ചോദിച്ചാൽ ഇനി മലയാളത്തിൽ ശശി തരൂർ എന്ന് പറയേണ്ടിവരും. ശശി ആയി എന്ന് പറയുന്ന പോലെ ശശി തരൂർ എന്ന വാക്കും മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
ആരങ്കിലും 23 കോടി ജനസംഖ്യയുള്ള യുപിയേയും മൂന്നര കോടിയുള്ള കേരളത്തേയും താരതമ്യം ചെയ്യുമൊ? ചെയ്താൽ തന്നെ പരിഹാസത്തോടെ യു.പി മുഖ്യമന്ത്രിക്ക് ട്വീറ്റ് ചെയ്യുമോ? ലോക നേതാക്കളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നരേന്ദ്ര മോദിക്കാണല്ലൊ. മോദിയെ പ്രശംസിച്ച് രാഹുലിന് ട്വീറ്റ് ചെയ്യാൻ തരൂരിന് ധൈര്യമുണ്ടോയെന്നും ഗോപാലകൃഷ്ണൻ വെല്ലുവിളിച്ചു.
സോണിയ ഗാന്ധിക്കെതിരെ കത്തെഴുതി ഒപ്പിട്ട ശേഷം താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ ആളാണ് ശശി തരൂരെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തിൽ മന്ത്രിയാകില്ലെന്ന് ഉറപ്പായതോടെ പിണറായിയുമായി ചേരാനാണ് ഭാവമെങ്കിൽ തുറന്ന് പറഞ്ഞ് പോകുന്നതല്ലെ നല്ലത് . കോൺഗ്രസ്സിന് പിന്നിൽ കൂടെ പാര വെച്ചും യോഗിയെ എതിർത്തും കാണിക്കുന്ന ചേഷ്ടകൾ ആർക്കും മനസ്സിലാകില്ലെന്ന് ധരിക്കരുത്. വാസ്തവത്തില്‍ ആരോഗ്യ വികസന സൂചികയുടെ വാർഷിക പ്രകടനത്തിൽ യു.പി ഒന്നാമതും കേരളം പന്ത്രണ്ടാമതുമാണ്. ശശി തരൂരിന് അവരോട് അസൂയയാണ്.
അതിന് പറ്റിയ മരുന്ന് കിട്ടാനിടയില്ലാത്തതു കൊണ്ട് പരിഹാസം നിര്‍ത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഇല്ലെങ്കിൽ അതിര് കടന്ന് പലതും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ പുകഴ്ത്തിയും യോഗി ആദിത്യനാഥിനെ പരിഹസിച്ചുമാണ് തരൂർ ട്വീറ്റ് ചെയ്തിരുന്നത്. ഇതിൽ യോഗിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. കെ -റയിൽ, ദേശീയ ആരോഗ്യ സൂചിക എന്നിവയിൽ കേരള സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണച്ചതിനെതിരെ കോൺഗ്രസിലും ശശി തരൂരിനെതിരെ അമർശം പുകയുന്നുണ്ട്. മിക്ക നേതാക്കളും തരൂരിനെതിരെ രംഗത്തുവന്നിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ വിശദീകരണം ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.