സ്ഥലവും സമയവും പറയൂ; സംവാദത്തിന് റെഡി -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സ്ഥലവും സമയവും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ സംവാദത്തിന് തങ്ങൾ റെഡിയാണെന്ന് ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പിണറായിക്ക് ഇഷ്ടമുള്ള ഏത് മൂന്നാം കക്ഷിയെയും സംവാദത്തിന് മാധ്യസ്ഥനാക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സി.പി.എം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്ര സാഹിത്യപരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചർച്ച നടത്താമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വികസനത്തിന്‍റെ കേരളാമോഡൽ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്‍റെ കാര്യത്തിൽ മററു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നിൽക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് ബി. ജെ. പി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉൾപ്പെടെ ഏതു രംഗത്തും. സി.പി.എം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്ര സാഹിത്യപരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചർച്ച നടത്താം.
കൃഷി, വ്യവസായം, ഐ.ടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചർച്ചാ വിഷയമാക്കാം. പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം ഇതുപോലെ മഴലഭിക്കുന്ന ഒരു നാട് നാൽപ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളീകേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികൾ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെൻഷനും കൊടുത്തു കഴിഞ്ഞാൽ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സന്പദ്ഘടന ഉൾപ്പെടെ എല്ലാം ചർച്ച ചെയ്യാം.
സാമൂഹ്യസുരക്ഷാ രംഗത്ത് ചരിത്രപരമായ കാരണങ്ങളാൽ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടിൽപ്പെടുത്തി മേനി പറയുന്നവർ വർത്തമാനകേരളം എവിടെ നിൽക്കുന്നു എന്ന വസ്തുത കൂടി ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങൾ റെഡി. താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.