വിചാരധാര ‘വിഴുങ്ങി’ ബി.ജെ.പി നേതാവ് എം.ടി. രമേശ്; ‘വിചാരധാരയിലുള്ളത് 1940കളിലും ’50കളിലും പറഞ്ഞ കാര്യങ്ങൾ, ഇപ്പോൾ പ്രസക്തിയില്ല’
text_fieldsതൃശൂർ: ആർ.എസ്.എസ് താത്വികാചാര്യൻ മാധവ് സദാശിവ ഗോൾവാൾക്കർ രചിച്ച ‘വിചാരധാര’യിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമണോത്സുക പരാമർശങ്ങളെ വിഴുങ്ങി ബി.ജെ.പി നേതാവ് എം.ടി. രമേശ്. വിചാരധാരയിലുള്ളത് 1940കളിലും ’50കളിലും പറഞ്ഞ കാര്യങ്ങളാണെന്നും ഇപ്പോള്‍ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നും രമേശ് പറഞ്ഞു. വിചാരധാരയെ തള്ളിപ്പറയാന്‍ ബി.ജെ.പി തയാറുണ്ടോയെന്ന് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിചാരധാര മന്ത്രി റിയാസ് കെട്ടിപ്പിടിച്ച് നടക്കട്ടെയെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘ബി.ജെ.പിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എൽ.ഡി.എഫും യു.ഡി.എഫും ഭയക്കുകയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയനേതാക്കളും അരമനകളില്‍ പോകാറുണ്ട്. പക്ഷേ ബി.ജെ.പി നേതാക്കള്‍ പോകുമ്പോള്‍ പ്രശ്‌നമുണ്ടാക്കുകയാണ്. സന്ദര്‍ശനത്തോട് സഭനേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിര്‍പ്പില്ല’ -എം.ടി. രമേശ് വ്യക്തമാക്കി.
ക്രിസ്ത്യാനികൾക്ക് നേരെ ആർ.എസ്.എസ് നടത്തുന്ന ആക്രമണങ്ങൾ ഒരു സുപ്രഭാതത്തിൽ പെട്ടന്ന് തോന്നി ചെയ്യുന്നതല്ലെന്നും ആർ.എസ്.എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയിൽനിന്ന് പ്രചോദിതമായാണ് ഇത്തരം ആക്രമങ്ങൾ നടത്തുന്നതെന്നും റിയാസ് പറഞ്ഞിരുന്നു. വിചാരധാരയുടെ അധ്യായം 19ൽ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കൾ ആരൊക്കെ എന്നതിന് രണ്ടാമത്തെ ശത്രുക്കളായി പറയുന്നത് ക്രിസ്ത്യാനികൾ എന്നാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഈസ്റ്റർ ദിനത്തിലെ ബി.ജെ.പി നേതാക്കളുടെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘വീടുകൾ സന്ദർശിക്കുന്ന ബി.ജെ.പി നേതാക്കൾക്ക് വിചാരധാര വായിച്ചുകൊണ്ടാണ് വീട്ടുകാർ മറുപടി നൽകുന്നത്. വിചാരധാര പ്രകാരം ഇന്ത്യയുടെ പ്രധാന ശത്രുക്കളിൽ ഒന്ന് മിഷനറിമാരും ക്രിസ്ത്യാനികളും ആണ്. ആ വിചാരധാരയെ തള്ളിപ്പറയാൻ കേരളത്തിലെയും രാജ്യത്താകെയുമുള്ള ബി.ജെ.പി നേതാക്കൾ തയാറുണ്ടോ? മിഷനറി പ്രവർത്തകൻ ആയിരുന്ന ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും ചുട്ടുകൊന്നതിനെ ഇപ്പോഴും ന്യായീകരിക്കുന്നവരാണ് ഇന്ത്യയിലെ ബി.ജെ.പി നേതാക്കൾ. അത് ബി.ജെ.പി നേതാക്കളോട് നേരിട്ട് ചോദിയ്ക്കാൻ ഉള്ള നല്ല അവസരമായാണ് അവരുടെ വീട് സന്ദർശനത്തെ ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർ കാണുന്നത്.
ക്രിസ്ത്യാനികൾക്കുനേരെ സംഘപരിവാർ നടത്തിയ നിരവധി ആക്രമണങ്ങൾ നമ്മുടെ മുന്നിലുണ്ട്. യുനൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ 2022ലെ കണക്കു പ്രകാരം 598 ആക്രമണങ്ങളാണ് ഇന്ത്യയിൽ വിചാരധാരയെ അടിസ്ഥാനമാക്കി ആർ.എസ്.എസ് നടത്തിയത്. 89 പുരോഹിതന്മാർ ആക്രമിക്കപ്പെട്ടു. രാജ്യത്ത് 68 പള്ളികൾ തകർത്തു. ആകെ 127 ആക്രമണങ്ങളിൽ 87ഉം സംഘപരിവാറിന്റെ സംഘടിത കലാപം ആയിരുന്നു. 2020ലും 21ലും 104 ആക്രമണമാണ് സംഘപരിവാർ നടത്തിയത്. കരോളുകൾപോലും ആക്രമിക്കപ്പെട്ടു. യു.പിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത് നമുക്കറിയാം. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നൂറുകണക്കിന് അക്രമികൾ ആയുധങ്ങളുമായി എത്തി പള്ളികൾ ആക്രമിച്ചത് മറക്കാറായിട്ടില്ല. മധ്യപ്രദേശിലും സമാന ആക്രമങ്ങൾ നടന്നു. ഇതിൽ പ്രതികൾ ആയവർ സംഘപരിവാറിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ ആണ്.
ബി.ജെ.പിയുടെ പുതിയ നീക്കങ്ങൾകൊണ്ട് പൊതു രാഷ്ട്രീയ സാഹചര്യത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്നതിന്റെ തെളിവാണിത്. ആർ.എസ്.എസ് ആക്രമങ്ങളെക്കുറിച്ച് അവരോടുതന്നെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണിത്. അതിനു ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവർ ബി.ജെ.പിയോട് നന്ദി പറയുകയാണ് വേണ്ടത്’ -മന്ത്രി റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.