പിണറായിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി; മോദി വിരോധമെന്ന്
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന തള്ളി ബി.ജെ.പി. പിണറായിയുടെ മോദി വിരോധമാണ് പ്രസ്താവനക്ക് കാരണമെന്ന് ആരോപിച്ച . രാജഗോപാൽ എം.എൽ.എ മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്നും പറഞ്ഞു.
ഡൽഹിയിൽ പാർട്ടി യോഗത്തിന് പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നതിന് പിന്നിൽ മറ്റു പല ഉദ്ദേശങ്ങളും കാണും. യാത്ര ഔദ്യോഗികമാക്കുന്നത് കൊണ്ട് ഗുണമുണ്ടാകും. പക്ഷേ അതിന് പ്രധാനമന്ത്രി നിന്ന് തരണമെന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം.
കേരളത്തോട് എന്തു വിരോധമാണ് കേന്ദ്രസർക്കാർ കാട്ടിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വന്തം പാർട്ടിയിലെ പ്രധാനമന്ത്രിയെ കാണാൻ മൂന്ന്, നാല് ദിവസം ഡൽഹിയിൽ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്. ഇഷ്ടമുള്ളപ്പോഴെല്ലാം ഒാടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഒാഫിസ് എന്നും രാജഗോപാൽ പറഞ്ഞു.
കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയങ്ങൾ വകുപ്പുമന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ള കാര്യം മാത്രമെയുള്ളൂവെന്നാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. സഹപ്രവർത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അതു തെളിയിക്കുന്നത്. കേരളത്തിന് ആവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണണമായിരുന്നു. ഈ വിഷയത്തിൽ വി.എസ് അച്യുതാനന്ദന്‍റെ ഉപദേശമെങ്കിലും പിണറായി തേടണമായിരുന്നുവെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ കാണാൻ പ്രധാനമന്ത്രി തുടർച്ചയായി കൂട്ടാക്കാത്തത് രാഷ്ട്രീയക്കളിയാണെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇത്തരമൊരു പെരുമാറ്റം ചരിത്രത്തിലാദ്യമാണ്. നരേന്ദ്ര മോദി തുടർച്ചയായി കേരളത്തെ അവഗണിക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ പിന്തുണ കിട്ടാത്തത് പല മേഖലകളുടെയും തകർച്ചക്ക് കാരണമാക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.