തുഷാറിന് വിവരമുണ്ടോ? ഒരുത്തനും എന്നെ പേടിപ്പിക്കാൻ നിൽക്കണ്ട -കലിപ്പടങ്ങാതെ പി.സി. ജോർജ്
text_fieldsകോട്ടയം: എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി ഈയിടെ ബി.ജെ.പിയില്‍ ചേർന്ന പി.സി. ജോർജ്. ആദ്യം അവൻ അവനെയും പിന്നെ അപ്പനെയും നിയന്ത്രിക്കട്ടെ, എന്നിട്ട് എന്നെ നിയന്ത്രിക്കാമെന്നും പി.സി. ജോർജ് തുറന്നടിച്ചു. കെട്ടിവെച്ച കാശ് കിട്ടാത്ത നേതാവാണ് പി.സി. ജോർജ് എന്നും ജോർജിനെ നിയന്ത്രിക്കണമെന്നുമുള്ള തുഷാറിന്റെ പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തുഷാറിന് വിവരമുണ്ടോ എന്നും പി.സി പരിഹസിച്ചു.
‘അവന് വിവരമുണ്ടോ? ഒരുത്തനും വന്ന് എന്നെ പേടിപ്പിക്കണ്ട... എനിക്കത് ഇഷ്ടമില്ല’ -പി.സി. ജോർജ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ തുഷാർ ഇടപെട്ടെന്ന് ജോർജ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചനടത്തിയെന്ന് വ്യക്തമാക്കിയ തുഷാര്‍, താന്‍ പി.സി. ജോര്‍ജിനെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘അടുത്തിടെ ബി.ജെ.പിയിൽ വന്ന ചെറിയ നേതാവാണ് ജോർജ്. ജോര്‍ജിന്റെ സ്വഭാവം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാം. അദ്ദേഹം സ്വയം തിരുത്തുമെന്ന് പ്രതീക്ഷയില്ല. പി.സി. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന അഭിപ്രായമുണ്ട്. നിവൃത്തികെട്ടതുകൊണ്ടാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നത്. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അനില്‍ ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിലുള്ളയാളാണ്. അനില്‍ ആന്റണിയെ പി.സി. ജോര്‍ജ് പരിചയപ്പെടുത്തേണ്ട ഒരാവശ്യവുമില്ല’ -തുഷാര്‍ പറഞ്ഞു.
കോട്ടയം, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ് മത്സരിക്കുമെന്നും ആലത്തൂര്‍ മണ്ഡലത്തിനുപകരം ചാലക്കുടിയോ എറണാകുളമോ ചോദിച്ചിട്ടുണ്ടെന്നും തുഷാർ പറഞ്ഞു. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ താന്‍ കോട്ടയത്ത് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പി.സി.ജോർജിനെതിരെ രൂക്ഷ വിമർശനവുമായി തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നു. ‘കേരള മുഖ്യമന്ത്രിയാവണമെന്ന് എനിക്ക് തോന്നലുണ്ടായാൽ എന്നോട് സ്നേഹമുണ്ടെങ്കിൽ ചെയ്യേണ്ടത് എന്നെ ഊളം പാറയിൽ അഡ്മിറ്റ് ചെയ്യലാണ്. സ്നേഹമില്ലെങ്കിൽ എന്നെ പ്രോൽസാഹിപ്പിക്കണം. പോയി വീണോന്ന് പറയണം. അത്രയേ പി.സി. ജോർജിെൻറ കാര്യത്തിൽ മറുപടി പറയാനുള്ളൂ’ -വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.
‘ഓരോരുത്തർക്കും അർഹതപ്പെടതുണ്ട്. അർഹതപ്പെടാത്തതുണ്ട്. ചുമ്മാതിരുന്ന് തവള വീർക്കുന്നത് പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താൽ വയറ് പൊട്ടണതല്ലാതെ ഒരു റിസൾട്ടും ഉണ്ടാകില്ല. അയാളെ വിട്ടേര്. അയാളെ ഈ വാർത്തയിലൊക്കെ കൊണ്ടു നടക്കുന്നത് തന്നെ തെറ്റാണ്. വെറുതെ അപ്രകസ്‍തനെ പ്രസക്തനാക്കണോ. എന്നോട് ജോർജിന് വിദ്വേഷമുണ്ട്. കാരണമെന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഈഴവ ജാതികളെല്ലാം തെണ്ടികളാണെന്ന് വിളിച്ചില്ലെ. കൊല്ലത്ത് ഞങ്ങളുടെ കോളജിൽ സമരമുണ്ടാക്കിയില്ലെ. ഇതൊക്കെ എന്തിനാണ്. അയാളുടെ വിദ്വേഷത്തിെൻറ കാര്യം അയാൾക്ക് മാത്രമെ അറിയൂ.’ -വെള്ളാപ്പള്ളി പറഞ്ഞു.
‘മത്സരിച്ചാൽ മനസിലാകുമായിരുന്നു പത്തനംതിട്ടയിലെ പി.സി. ജോർജിെൻറ സ്വാധീനം. എെൻറ വ്യക്തിപരമായ അഭിപ്രായം സീറ്റ് കൊടുക്കണമെന്നാണ്. ഈ ഉണ്ടയില്ലാ വെടിവെച്ചവെൻറ കാര്യം പിടികിട്ടിയേനെ. എല്ലാ പക്ഷവും തീർന്നിട്ടാണല്ലോ, ഇപ്പോൾ ബി.ജെ.പിയിൽ ചെന്ന് ലയിച്ചത്. ഏതെങ്കിലും മുന്നണിയിൽ ചേരാനാണ് ശ്രമിച്ചത്. ആർക്കും വേണ്ട. ഒടുവിൽ ബി.ജെ.പിയിൽ ചെന്ന് ലയിച്ച് പോയി’ -വെള്ളാപ്പള്ളി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.