സി.പിഎം. സെമിനാർ വേദിയിൽ ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്
text_fieldsകൊല്ലം: സി.പി.എം ബി.ജെ.പി അന്തർധാര സജീവമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെ സി.പി.എം സെമിനാർ വേദിയിൽ ബി.ജെ.പി നേതാവ്.
കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിലാണ് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് സംബന്ധിച്ചത്. ’സനാതനധർമം മാനവികധർമമോ’ എന്ന സെമിനാറിലാണ് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻറും ദേശീയ നിർവാഹകസമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് പങ്കാളിയായത്.
സി.പി.എം. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട സെമിനാറുകളിൽ ബി.ജെ.പി. നേതാക്കളെ ക്ഷണിക്കുന്ന പതിവില്ല. തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു.വും ബി.എം.എസും സംയുക്തമായി സമരങ്ങൾ നടത്താറുണ്ട്. എന്നാൽ, ബി.ജെ.പി അവരുടെ പരിപാടികളിൽ സി.പി.എം. നേതാക്കളെ പങ്കെടുപ്പിക്കാറില്ല.
സർവകക്ഷി യോഗങ്ങളിലും അനുശോചനയോഗങ്ങളിലും സർക്കാർ പരിപാടികളിലും മാത്രമേ സാധാരണ സി.പി.എം, ബി.ജെ.പി. നേതാക്കൾ സംയുക്തമായി വേദി പങ്കിടാറുള്ളൂ.
ഇന്നലെ കൊല്ലത്ത് നടന്ന സെമിനാർ സുനിൽ പി. ഇളയിടമാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന്, പി.കെ. കൃഷ്ണദാസാണ് പ്രസംഗിച്ചത്. ശിവഗിരിയിൽ നടന്ന പരിപാടിയിൽ ശ്രീനാരായണധർമം നവീന മാനവിക ധർമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതിനെ കൃഷ്ണദാസ് പ്രശംസിച്ചു. സെമിനാറിലേക്ക് ക്ഷണിച്ച സി.പി.എം സംസ്ഥാന കമ്മിറ്റിയെയും കൃഷ്ണദാസ് അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.