കൊടകര കുഴൽപ്പണക്കവർച്ച: ബി.ജെ.പി നേതാവ് മുൻകൂർ ജാമ്യം തേടിയതായി സൂചന
text_fieldsതൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ അഭിഭാഷകൻ കൂടിയായ ബി.ജെ.പി നേതാവ് മുൻകൂർ ജാമ്യം േതടിയതായി സൂചന. അടുത്തദിവസം ഇയാളെ ചോദ്യം ചെയ്യാൻ വിളിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നീക്കമെന്ന് അറിയുന്നു. തൃശൂരിലെയും സംസ്ഥാനതലത്തിലെയും ബി.ജെ.പി നേതാക്കളുമായി ഏറെ അടുപ്പമുള്ളയാളാണിദ്ദേഹം.
പണം നഷ്ടപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനും അബ്കാരിയുമായ കോഴിക്കോട് സ്വദേശി ധർമരാജിനെയും പണം കൊടുത്തയച്ച യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടും ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കും. അന്വേഷണമേറ്റെടുത്ത ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സ്ഥിതി വിലയിരുത്തും.
അതിനുശേഷമാകും ഇനിയുള്ള ചോദ്യം ചെയ്യലും തുടരന്വേഷണ നടപടികളും. കാറിൽ പ്രത്യേക അറയിൽ സൂക്ഷിച്ച തുക മൂന്നര കോടിയുണ്ടായിരുന്നുവെന്നും കർണാടകയിൽ നിന്നാണ് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൊടകരയിൽ നഷ്ടപ്പെട്ട പണം കൂടാതെ വിവിധ ജില്ലകളിലേക്ക് സമാനമായി എത്തിയതിനെക്കുറിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പാലക്കാട്ട് പണം തട്ടിയെടുക്കൽ ശ്രമം പാളിയിരുന്നു. അവിടെ പണമെത്തിെയന്നാണ് ലഭ്യമായ വിവരം.
ധർമരാജും സുനിൽ നായിക്കുമടക്കം ഇടപാടിൽ ബി.ജെ.പി-ആർ.എസ്.എസ് ബന്ധം പൊലീസ് സ്ഥിരീകരിച്ചെങ്കിലും പണമെത്തിയത് രാഷ്ട്രീയ പാർട്ടിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയോ തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടാതെ മുഖ്യ ആസൂത്രകനടക്കം പ്രധാന പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കവർച്ചയുമായി ബന്ധപ്പെട്ട് പരാതി നിലനിൽക്കെ ഒത്തുതീർപ്പിന് ശ്രമിച്ച അഭിഭാഷകനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയും പ്രമുഖ ക്രിമിനൽ അഭിഭാഷകെൻറ ജൂനിയറുമാണിദ്ദേഹം.
ബി.ജെ.പി നേതാവിെൻറ നിർദേശപ്രകാരമാണ് ഒത്തുതീർപ്പിന് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അടുത്തദിവസം ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് അറിഞ്ഞതോടെയാണ് മുൻകൂർ ജാമ്യത്തിനുള്ള നീക്കം. ഏപ്രിൽ മൂന്നിന് പുലർച്ചയാണ് ദേശീയപാർട്ടിയുടെ പ്രചാരണത്തിനെത്തിച്ച മൂന്നര കോടിയോളം രൂപ കൊടകര മേൽപാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. എന്നാൽ, കാറും അതിലുണ്ടായിരുന്ന 25 ലക്ഷവും കവർന്നുവെന്നാണ് ധർമരാജ് ഡ്രൈവർ ഷംജീർ മുഖേന പരാതി നൽകിയത്. പരാതിപ്രകാരമുള്ള 25 ലക്ഷത്തിന് പകരം 47.5 ലക്ഷം കണ്ടെത്തിയതോടെയാണ് അന്വേഷണം വിപുലമാക്കാൻ തീരുമാനിച്ചത്. കേസിൽ 19 പ്രതികളെയും കവർച്ചക്കുപയോഗിച്ച മൂന്ന് കാറുകളും പൊലീസ് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.