ബി.ജെ.പിയെയും സുരേന്ദ്രനെയും വേട്ടയാടുന്നു; സത്യഗ്രഹവുമായി നേതാക്കൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോർകമ്മിറ്റി അംഗങ്ങൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തി. കൊടകര കേസിൽ ബി.ജെ.പിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസിൽ കെ. സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. സത്യവാങ്മൂലം നൽകി പത്രിക പിൻവലിച്ച സുന്ദരയെകൊണ്ട് രണ്ടു മാസത്തിനുശേഷം കേസ് കൊടുപ്പിക്കുന്നത് സി.പി.എമ്മിന് ബി.ജെ.പിയോട് നേർക്കുനേർ പോരാടാൻ ശേഷിയില്ലാത്തതിനാലാണ്. ബി.ജെ.പിക്കെതിരെ സി.പി.എം ഒളിയുദ്ധമാണ് നടത്തുന്നത്.
മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ബി.ജെ.പിക്കെതിരായ നിഴൽയുദ്ധം. സി.പി.എമ്മുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ബി.ജെ.പിയെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമമെന്ന് കുമ്മനം ആരോപിച്ചു.
കേരളത്തിൽ പിണറായിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. സുരേന്ദ്രനെ വേട്ടയാടാൻ സി.പി.എമ്മിനെ അനുവദിക്കിെല്ലന്നും ബി.ജെ.പി വിരുദ്ധതയുടെ പേരിൽ രാജ്യദ്രോഹത്തെപോലും അനുകൂലിക്കുന്നതിലേക്ക് ഇടതു-വലത് മുന്നണികൾ തരംതാണെന്നും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഒ. രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി. സുധീർ എന്നിവർ പങ്കെടുത്തു. ജില്ല പ്രസിഡൻറ് വി.വി. രാജേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.