കുഴൽപ്പണം എത്തിച്ചത് ബി.ജെ.പി നേതാക്കളുടെ അറിവോടെ;കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ചാക്കേസിൽ കേരള പൊലീസ് കേന്ദ്ര ഏജൻസികൾക്ക് തിങ്കളാഴ്ച റിപ്പോർട്ട് നൽകും. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവക്കാണ് റിപ്പോർട്ട് നൽകുക. ഇതിനായി മൂന്ന് വ്യത്യസ്ത റിപ്പോർട്ടുകൾ തയാറാക്കിയതായി പൊലീസ് വ്യക്തമാക്കി.
കൊടകരയിലേത് കുഴൽപണമാണെന്നും ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നുമാണ് പൊലീസിെൻറ ശിപാർശ. ബി.ജെ.പി തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കൊടകരയിൽ കവർന്നതെന്നും സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിനായി മാർച്ച് 16 മുതൽ ഒമ്പത് തവണയായി 43 കോടിയാണ് ബി.ജെ.പിക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസർകോട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്കാണ് പണമെത്തിയത്. ഏഴ് തവണ ഹവാല ഇടപാടുവഴിയാണ് കോഴിക്കോട്ട് പണമെത്തിച്ചത്. രണ്ടു തവണ നേരിട്ടും കൊണ്ടുവന്നു.
ബംഗളൂരുവിൽ നിന്നായിരുന്നു ഹവാല ഇടപാട്. രണ്ടുപേരാണ് അവിടെ കാര്യങ്ങൾ നിയന്ത്രിച്ചതെന്നും ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നിർദേശമനുസരിച്ചും അറിവോടെയും ആയിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പിനായി കള്ളപ്പണമെത്തിയത് ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുള്ള റിപ്പോർട്ടിലും പൊലീസ് ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും കർണാടകയിൽനിന്ന് ബി.ജെ.പി 12 കോടി കേരളത്തിലെത്തിച്ചതായി കൊടകര കേസിലെ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കൊടകര സംഭവത്തിന് സമാനമായി, പാലക്കാട്ടേക്ക് കൊണ്ടുവരികയായിരുന്ന ബി.ജെ.പിയുടെ 4.4 കോടി മാർച്ചിൽ തമിഴ്നാട് സേലത്ത് കാർ തടഞ്ഞ് തട്ടിയെടുത്ത കേസിൽ തമിഴ്നാട് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.