ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ: പ്രതീഷ് വിശ്വനാഥിനും സി.ജി. രാജഗോപാലിനും മുൻകൂർ ജാമ്യം
text_fieldsകൊച്ചി: ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധ സമര കാലത്ത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ അടിച്ച കേസിലെ രണ്ട് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബി.ജെ.പി നേതാക്കളായ അഡ്വ. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കെതിരായ പരാതി ദുരുദ്ദേശ്യപരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറിെൻറ ഉത്തരവ്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിെൻറയും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തിെൻറയും അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നാണ് നിർദേശം. അറസ്റ്റ് ചെയ്യാത്തപക്ഷം 15 ദിവസത്തിനകം കീഴടങ്ങി ജാമ്യമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
മൊഴി നൽകിയതിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഭൂമാത ബ്രിഗേഡ് ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26ന് രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമീഷണർ ഒാഫിസിലെത്തിയപ്പോഴാണ് ആക്ടിവിസ്റ്റും സർക്കാർ കോളജിലെ െഗസ്റ്റ് ലക്ചററുമായിരുന്ന ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായത്.
സുപ്രീം കോടതി വിധിയുടെ പകർപ്പ് കാറിൽ നിന്നെടുക്കാൻ പോകുമ്പോൾ പ്രതികൾ ശരണമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടു സമീപത്തേക്ക് വന്നെന്നും ഇവരിലൊരാൾ മുളക് സ്പ്രേ തെൻറ മുഖത്തും ശരീരത്തിലും അടിച്ചെന്നുമാണ് ബിന്ദു അമ്മിണി പരാതി നൽകിയത്. ദേഹത്ത് പിടിച്ചെന്നും 'അർബൻ നക്സൽ' എന്ന് വിളിച്ചെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ, ഹരജിക്കാരായ പ്രതികൾ ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികളോ ദൃശ്യങ്ങളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും ഇവർക്കെതിരെ പരാതിയുന്നയിച്ചത് ദുരുദ്ദേശ്യപരമാണ്.
ഇവർ ഒരു ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പോകാനെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 11 മാസം കഴിഞ്ഞാണ് ഹരജിക്കാരെ പ്രതിചേർത്തത്. ഒരാൾ അഭിഭാഷകനും മറ്റൊരാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയും ആയിട്ടും തിരിച്ചറിയാൻ 11 മാസമെടുത്തു. ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായപ്പോൾ സർക്കാർ ആക്ടിവിസ്റ്റുകൾക്കൊപ്പമായിരുന്നു. സംസ്ഥാന സർക്കാർ ഒരു വശത്തും ആർ.എസ്.എസും ബി.ജെ.പിയും മറ്റ് ഹിന്ദു സംഘടനകളും മറു വശത്തുമായാണ് നിലകൊണ്ടത്. കേസിലെ പ്രതികൾ ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളാണ്. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നിലനിൽക്കില്ലെന്നും പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും അറസ്റ്റിന് അനുമതി തേടേണ്ടതില്ലെന്നുമുള്ള വ്യവസ്ഥകൾ ഈ കേസിൽ പ്രഥമദൃഷ്ട്യാ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.