വാളുമായി നടത്തിയ പ്രകടനത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കൾ
text_fieldsകൊച്ചി/തിരുവനന്തപുരം: ദുര്‍ഗാവാഹിനി പ്രവർത്തകർ വാളുമായി നടത്തിയ പ്രകടനത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കൾ. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുമാണ് ന്യായീകരണവുമായി രംഗത്തെത്തിയത്.
നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രതീകാത്മക പ്രകടനമാണെന്നും എന്നാല്‍, മതഭീകരവാദികളില്‍നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണെന്നും ഇവർക്ക് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.
എന്നാൽ, വാളേന്തേണ്ടി വരുന്നതിന്റെ കാരണം എനിക്കറിയില്ലെന്നും പെൺകുട്ടികളുടെ ജീവന് രക്ഷകൊടുക്കാൻ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിൽ, സ്വയരക്ഷക്കായി ആരെങ്കിലും ആയുധമെടുത്താൽ നമ്മൾക്ക് എന്താണ് ചെയ്യാൻ സാധിക്കുകയെന്നുമാണ് വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിൽ പ്രകടനം നടത്തിയവരെയല്ല, സർക്കാറിനെയാണ് കുറ്റപ്പെടുത്താൻ കഴിയുകയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വി.എച്ച്.പിയുടെ വനിത വിഭാഗമായ ദുർഗാവാഹിനി പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. വി.എച്ച്.പി പഠനശിബിരത്തിന്‍റെ ഭാഗമായാണ് മേയ് 22ന് പെൺകുട്ടികൾ ആയുധമേന്തി റാലി നടത്തിയത്. ജാമ്യമില്ല വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.