ബി.ജെ.പിയിൽ പൊട്ടിത്തെറി; എറണാകുളത്ത് നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു
text_fieldsപറവൂർ (എറണാകുളം): ബി.ജെ.പി ജില്ല നേതൃത്വത്തിൻറെ ഏകാധിപത്യപരമായ പ്രവർത്തനങ്ങളിലും വിഭാഗീയതയിലും പ്രതിഷേധിച്ച് പാർട്ടി മണ്ഡലം പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പാർട്ടിയിൽ നിന്നും രാജിവെച്ചു. നിയോജക മണ്ഡലം പ്രസിഡൻറും നഗരസഭ കൗൺസിലറുമായ രഞ്ജിത്ത് മോഹൻ ഉൾപ്പടെ നിരവധി പേർ രാജിവച്ചത് സംസ്ഥാന-ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി.
മണ്ഡലം ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, വൈസ് പ്രസിഡന്റുമാരായ പി.ആർ. മുരളി, സുധ ചന്ദ്, സെക്രട്ടറി ഇ.ഡി. രാജേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിൽ വരിക്കാശേരി എന്നിവരാണ് രാജിവെച്ച നേതാക്കൾ. മണ്ഡലം കമ്മിറ്റിക്ക് കീഴിലെ കോട്ടുവള്ളി വെസ്റ്റ്, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റികളും പറവൂർ ടൗൺ മുനിസിപ്പൽ കമ്മിറ്റി കമ്മിറ്റിയും രാജിവച്ചു.
നേതൃത്വത്തിൻറെ തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹൻ നേരത്തെ രാജിവച്ചിരുന്നു. അഡ്വ. കെ.എസ്. ഷൈജു ജില്ലാ പ്രസിഡൻറായി ചുമതലയേറ്റ അന്നു മുതൽ പുകഞ്ഞു തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ പൊട്ടിപുറത്തായത്. വിഭാഗീയമായി പ്രവർത്തിക്കുകയും സ്വന്തം ഗ്രൂപ്പിൽ ഉള്ളവരെ മാത്രം ഭാരവാഹികളായി പരിഗണിക്കാൻ ജില്ല പ്രസിഡൻറ് സമ്മർദം ചെലുത്തുകയും ചെയ്യുന്നു എന്നതാണ് പ്രധാന ആക്ഷേപം.
ജില്ല കമ്മിറ്റിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തി. മണ്ഡലം കമ്മിറ്റിയുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടുത്തുകയും അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് ഷൈജു തുടരുന്നതെന്ന് രാജിവച്ചവരിൽ പ്രമുഖൻ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് ജില്ല കമ്മിറ്റി പറയുന്ന ആളെ വയ്ക്കണമെന്ന് നിർബന്ധം പിടിച്ചതായും ജില്ല കമ്മിറ്റിയുലുണ്ടായ ഒഴിവിലേക്ക് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ ഇഷ്ടക്കാരെ തിരുകി കയറ്റിയതായും പോഷക സംഘടനകളുടെ പ്രവർത്തനം നിർജീവമാക്കിയതായും രാജിവച്ചവർ പറഞ്ഞു.
യുവമോർച്ച, മഹിള മോർച്ച എന്നിവയുടെ കമ്മിറ്റിയിൽ പ്രവർത്തന പാരമ്പര്യമില്ലാത്തവരെ പരിഗണിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപിയുടെ സംഘടന പ്രവർത്തനം നിർജീവമായിരുന്ന പറവൂരിൽ പ്രാദേശിക ഘടകങ്ങളും നേതാക്കളും കൂട്ടരാജിവച്ചത് കടുത്ത പ്രതിസന്ധിക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.