എസ്. രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ; കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് പ്രതികരണം
text_fieldsതൊടുപുഴ: സി.പി.എമ്മിന്‍റെ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ വീണ്ടും സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ. രാജേന്ദ്രൻ ബി.ജെ.പിയിൽ അംഗത്വമെടുത്തേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് നേതാക്കളുടെ സന്ദർശനം. ബി.ജെ.പി സംസ്ഥാന വൈ. പ്രസിഡന്‍റ് ജെ. പ്രമീള ദേവി, മധ്യമേഖല പ്രസിഡന്‍റ് എൻ. ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാറിലെ വീട്ടിലെത്തി രാജേന്ദ്രനെ കണ്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്. രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സി.പി.എം പ്രവർത്തകർ മർദിച്ചെന്ന ആരോപണം അന്വേഷിക്കാനാണ് ബി.ജെ.പി നേതാക്കൾ മൂന്നാറിൽ എത്തിയതെന്ന് പറയുന്നുവെങ്കിലും ലക്ഷ്യം രാജേന്ദ്രനെ ചാക്കിട്ടുപിടിക്കലാണ്. എന്നാൽ, ബി.ജെ.പി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രന്‍റെ വിശദീകരണം.
മാർച്ചിൽ ബി.ജെ.പി നേതാക്കൾ രാജേന്ദ്രന്‍റെ മൂന്നാറിലെ വസതിയിൽ എത്തുകയും മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ് നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് എം.എം. മണി എം.എൽ.എ അടക്കമുള്ള നേതാക്കൾ രാജേന്ദ്രനെ നേരിൽ കണ്ട് അനുനയിപ്പിക്കുകയും എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
തൊട്ടുടനെയാണ് ആരുമറിയാതെ ഡൽഹിയിൽ ചെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ രാജേന്ദ്രൻ കണ്ടത്. എന്നാൽ, ഇത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നും ബന്ധുവിന്‍റെ വിവാഹത്തിന് ക്ഷണിക്കാൻ പോയതാണെന്നുമായിരുന്നു രാജേന്ദ്രന്‍റെ വിശദീകരണം.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കെ രാജേന്ദ്രന്‍റെ ചാഞ്ചാട്ടം പാർട്ടിയെ വെട്ടിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറുകണ്ടം ചാടാതെ പിടിച്ചുനിർത്താൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലായിരുന്നു പാർട്ടി. അലയൊലികൾ അടങ്ങിയ നേരത്ത് വീണ്ടും രാജേന്ദ്രനെത്തേടി ബി.ജെ.പിക്കാർ എത്തിയത് സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.