പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാക്കൾ
text_fieldsകോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി, യുവമോർച്ച നേതാക്കൾ. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു നേതാക്കളുടെ ഭീഷണി. പ്രവർത്തകനെ മർദിച്ച സി.ഐയെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്നായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം. യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദിച്ച കോഴിക്കോട് നടക്കാവ് സി.ഐയുടെ കൈവെട്ടുമെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ ഭീഷണി മുഴക്കി. കാക്കിയിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകിനടക്കുമായിരുന്നെന്നാണ് യുവമോർച്ച ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ടി. റെനീഷ് പറഞ്ഞത്.
സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ബി.ജെ.പി പ്രവർത്തകർ കിടക്കുന്നത് മാങ്ങ പറിക്കാൻ പോയിട്ടല്ല. കിട്ടുന്നത് സ്‌നേഹമായാലും തല്ലായാലും തിരിച്ചുകൊടുത്തിട്ടേ ശീലമുള്ളൂവെന്നും നേതാക്കൾ പറഞ്ഞു. പ്രസംഗം വിവാദമായതോടെ കസബ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു. കോഴിക്കോട്ട് നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച ജില്ല കമ്മിറ്റി അംഗം എസ്. വൈഷ്ണവേഷിനെയാണ് നടക്കാവ് സി.ഐ ജിജീഷ് മർദിച്ചെന്ന ആരോപണമുള്ളത്. മർദനത്തിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കോഴിക്കോട് കമീഷണർ ഓഫിസിലേക്ക് യുവമോർച്ച മാർച്ച് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.