മന്ത്രിസ്ഥാനം തെറിക്കുമോ? സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനകളിൽ ബി.ജെ.പി നേതൃത്വത്തിന് കടുത്ത അതൃപ്തി
text_fieldsതൃശൂർ: പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ നടത്തിയ പരാമർശത്തിൽ പുലിവാലു പിടിച്ച് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സിനിമയാണ് തന്റെ ജീവിതമെന്നും സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം തിരിച്ചെടുത്താൻ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞത്.
പ്രസ്താവനയിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസാരത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പരാമർശിച്ചതിലും നേതൃത്വത്തിന് പ്രതിഷേധമുണ്ട്.
22 സിനിമകളിൽ അഭിനയിക്കണമെന്ന് പറഞ്ഞുള്ള പേപ്പർ കെട്ട് അമിത് ഷാ എടുത്ത് എറിഞ്ഞുവെന്നും എങ്കിലും പരിഗണിക്കാനാണ് സാധ്യതയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇനി സിനിമ ചെയ്യുന്നതിന്റെ പേരിൽ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടാൽ താൻ രക്ഷപ്പെട്ടുവെന്നും തൃശൂർകാരെ കൂടുതൽ പരിഗണിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെയാണ് ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചത്. അതിന്റെ പ്രതിഫലമെന്നോണമാണ് ബി.ജെ.പി നേതൃത്വം സഹമന്ത്രിസ്ഥാനം നൽകി സുരേഷ് ഗോപിയെ പരിഗണിച്ചതും.
എന്നാൽ തുടർച്ചയായുള്ള സുരേഷ് ഗോപിയുടെ പരാമർശങ്ങൾ കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തലവേദനയാകുന്നുണ്ട്. അമിത് ഷായടക്കമുള്ള നേതാക്കൾക്ക് സുരേഷ് ഗോപിയുടെ നീക്കങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ സിനിമ ചെയ്യാൻ അനുമതി ലഭിക്കില്ലെന്ന് തന്നെയാണ് സൂചന. സുരേഷ് ഗോപിക്ക് ഇത്തരത്തിൽ സിനിമ ചെയ്യാൻ ഇളവു നൽകിയാൽ മറ്റുള്ള ആളുകളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും അത് പ്രതിസന്ധിക്കിടയാക്കുമെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.
അതിനിടെ, മന്ത്രിസ്ഥാനത്തിരുന്ന് സുരേഷ് ഗോപിക്ക് സിനിമ ചെയ്യാൻ നിയമതടസ്സമുണ്ടെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പ്രതികരിച്ചു. മന്ത്രിമാർക്ക് പ്രത്യേകം പെരുമാറ്റച്ചട്ടമുണ്ട് ഇന്ത്യയിൽ. അതനുസരിച്ച് പണം ലഭിക്കുന്ന ബിസിനസ് പരിപാടികളിൽ ഏർപ്പെടാൻ പറ്റില്ലെന്ന് അതിൽ കൃത്യമായി പറയുന്നുണ്ട്. പി. ചിദംബരം, കപിൽ സിബൽ തുടങ്ങി വളരെ സീനിയർ ആയ അഭിഭാഷകർ പോലും മന്ത്രിമാരായിട്ടുണ്ട്. എന്നാൽ മന്ത്രിയായിരിക്കുമ്പോൾ അവരാരും പ്രാക്ടീസ് ചെയ്യാൻ പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.