കുമ്പള: പ്രശ്നം പരിഹരിക്കാനാവാതെ ബി.ജെ.പി നേതൃത്വം
text_fieldsകാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിലെ സി.പി.എം ബന്ധത്തെ ചൊല്ലി ബി.ജെ.പിയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായില്ല. സി.പി.എം സ്ഥിരംസമിതി അധ്യക്ഷൻ കൊഗ്ഗു രാജിവെച്ചെങ്കിലും ബി.ജെ.പിയുടെ രണ്ട് സ്ഥിരം സമിതി അധ്യക്ഷരും തൽസ്ഥാനത്ത് തുടരുകയാണ്. ബി.എം.എസ് പ്രവർത്തകൻ വിനു വധക്കേസിലെ പ്രതിയായ കൊഗ്ഗുവിനെ സ്ഥിരം സമിതി അധ്യക്ഷനാക്കാൻ പിന്തുണച്ചതിനെ ചൊല്ലിയാണ് ബി.ജെ.പിയിൽ കലഹം തുടങ്ങിയത്.
സി.പി.എം പ്രതിനിധി സ്ഥാനമൊഴിഞ്ഞിട്ടും ബി.ജെ.പിയുടെ സ്ഥിരംസമിതി അധ്യക്ഷന്മാർ രാജിവെക്കാത്തതിൽ പ്രതിഷേധം ശക്തമായി. വ്യാഴാഴ്ചക്കകം രാജിവെച്ചില്ലെങ്കിൽ രണ്ടു പേരെയും വഴിയിൽ തടയുമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
ജില്ല കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി രണ്ടു മണിക്കൂറോളം ഉപരോധം നടത്തിയ പ്രതിഷേധക്കാരുടെ അന്ത്യശാസനം നേതൃത്വം തള്ളിക്കളയുന്നില്ല. പാർട്ടി ആസ്ഥാനം ഉപരോധിച്ചവർ സ്ഥിരംസമിതി അധ്യക്ഷരെ വഴിയിൽ തടയാനുള്ള സാധ്യത കണ്ട് വ്യാഴാഴ്ചക്കകം പരിഹാരമുണ്ടാക്കുമെന്നാണ് വിവരം.
ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെതിരെ പ്രതിഷേധക്കാർക്ക് പരാതിയില്ല. മുൻ പ്രസിഡന്റ് കെ. ശ്രീകാന്തും സംസ്ഥാന സമിതിയംഗം സുരേഷ് കുമാർ ഷെട്ടിയെയും ലക്ഷ്യമിട്ടാണ് ഒരുവിഭാഗം രംഗത്തുവന്നത്. ഇരുവരെയും തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്ഥിരംസമിതി അധ്യക്ഷരെ രാജിവെപ്പിച്ചാലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യത കുറവാണ്.
ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട ചർച്ചകൾ നടന്നു. അതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി ജില്ലതല കോർകമ്മിറ്റിയുടെ യോഗവും നടന്നു. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ് ബാബുവിന്റെ മേൽനോട്ടത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കുമ്പള, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിൽനിന്നുള്ള ഇരുനൂറോളം വരുന്ന ബി.ജെ.പി പ്രവർത്തകർ ജില്ല കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി ഉപരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.