പകുതിയിലധികം കോവിഡ് കേസുകളും കേരളത്തിൽ; ദേശീയ വിഷയമാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: രാജ്യത്ത് പെഗസസ് വിഷയം കത്തിനിൽക്കുന്നതിനിടെ കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ വിഷയമാക്കി ബി.ജെ.പി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ബുധനാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കു പ്രകാരം 43,654 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതിൽ പകുതിയിലധികം കേരളത്തിൽനിന്നാണ്.
കേരളസർക്കാറിെൻറ പിടിപ്പുകേടാണ് കേസുകൾ കുതിച്ചുയരാൻ കാരണമെന്ന് ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടി ദേശീയ വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി. ഈദിന് നൽകിയ ഇളവ് കാരണം ഇപ്പോൾ രാജ്യത്ത് പകുതി കോവിഡ് കേസുകളും കേരളത്തിൽനിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പതിവുപോലെ ആളുകൾ കുംഭമേളയെയോ കൻവാർ യാത്രയെയോ കുറ്റപ്പെടുത്തുമെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
640 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. മരണനിരക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 254 പേർ മരിച്ചു. രാജ്യത്ത് ആകെ മരണം 4.22 ലക്ഷം ആയി. 41,678 പേരാണ് കോവിഡ് മുക്തരായത്. 97.39 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.99 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. ചികിത്സയിലുള്ളവരിൽ മൂന്നിലൊന്ന് കേരളത്തിലാണ്. ഒന്നരലക്ഷത്തോളം പേരാണ് കേരളത്തിൽ കോവിഡ് ബാധിതരായിട്ടുള്ളത്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിൽ 85,447 പേർ മാത്രമാണുള്ളത്.
കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും
ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടിയും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലധികവും കേരളത്തിലാണ്. നിയന്ത്രണങ്ങളിലെ ഇളവുകൾ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 10നും 19നും ഇടയില്‍ 91,617 കോവിഡ് കേസുകളും 775 മരണങ്ങളുമാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 28നു ശേഷം കോട്ടയത്ത് 64 ശതമാനവും മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരില്‍ 45.4 ശതമാനവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണമേഖലകൾ കൂടുതല്‍ ശക്തമാക്കണം. 95 ശതമാനം കോവിഡ് രോഗികളും വീട്ടില്‍ സമ്പർക്കവിലക്കിൽ കഴിയുകയാണ്. ഹോം ഐസൊലേഷനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.
കേരളത്തിലുള്ള അന്തർസംസ്ഥാന തൊഴിലാളികൾ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. കോവിഡ് ബാധിതരാകുന്ന ചിലര്‍ ഐസൊലേഷന്‍ സെൻററുകളില്‍ അഡ്മിറ്റ് ആകാന്‍ തയാറാകുന്നില്ല. അവർക്ക് കൗണ്‍സലിങ് നൽകണമെന്നും കത്തിൽ വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം വീണ്ടും കേരളത്തില്‍ സന്ദര്‍ശനം നടത്തും. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടിമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.