ഇന്ത്യയുടെ മതേതരത്വത്തെ തകർത്ത് നിരവധി പാകിസ്താനുകൾ സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പിയെന്ന് മെഹബൂബ മുഫ്തി
text_fieldsശ്രീനഗർ: ഇന്ത്യയുടെ മതേതരത്വത്തെ തകർത്തുകൊണ്ട് നിരവധി പാകിസ്താനുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്തിയുമായ മെഹബൂബ മുഫ്തി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിലക്കയറ്റം തടയുന്നതിലുമെല്ലാം സർക്കാർ പരാജയപ്പെട്ടുവെന്നും നിലവിൽ അവർ ചെയ്യുന്നത് ഹിന്ദു-മുസ്ലിം വിഭജനമാണെന്നും അവർ പറഞ്ഞു.
മധ്യപ്രദേശിലെ ഖാർഗോണിലും ഡൽഹിയിലെ ജഹാംഗിർപുരിലും അനധികൃത കെട്ടിടങ്ങൾ ബുൾഡോസറുകൾകൊണ്ട് ഇടിച്ചുനിരത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. ദേശീയ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഫ്തി ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങളുടെ വീടുകൾ വെറുതെ തകർക്കുക മാത്രമായിരുന്നില്ല. അതോടൊപ്പം രാജ്യത്തിന്‍റെ മതേതര സംസ്കാരം കൂടിയാണ് തകർന്നത്. തൊഴിലവസരം, വിലക്കയറ്റം തുടങ്ങിയ എല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.
ആകെ അവർ ഇപ്പോൾ ചെയ്യുന്നത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കുകയെന്നതാണ്. രാജ്യത്തിനുവേണ്ടി എന്തെങ്കിലുമൊരു കാഴ്ചപ്പാട് അവർക്കുള്ളതായി തോന്നുന്നില്ലെന്നും മെഹബൂബ മുഫ്തി തുറന്നടിച്ചു. ഇന്ത്യയിൽ തന്നെ നിരവധി പാകിസ്താനുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അവരുടെ രീതിയിലുള്ള ദേശീയതയോട് അനുകൂലിക്കാത്തതിന് ജനങ്ങളോട് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളോട് പാകിസ്താനിലേക്ക് പോകുവെന്ന് പറയുമ്പോൾ അതിലൂടെ അവർ ചെറു പാകിസ്താനുകൾ ഉണ്ടാക്കുകയാണ്. രാജ്യത്തിനായി അവർ പുതിയതൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മാത്രമല്ല അതേസമയം, രാജ്യത്തെ കഷ്ണങ്ങളായി വിഭജിച്ചുകൊണ്ട് മതേതര സ്വഭാവം തകർത്തെറിയുകയാണെന്നും അവർ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.