നേതാക്കൾ ഗ്രൂപ് തിരിഞ്ഞ് പരാതി നൽകി
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ വിഭാഗീയതക്ക് ശക്തി പകർന്ന് മെഡിക്കൽ കോളജ് കോഴ വിവാദം. ദേശീയനേതൃത്വത്തിെൻറ ശക്തമായ ഇടപെടലിനെ തുടർന്ന് കുറച്ചുകാലമായി തിരശ്ശീലക്ക് പിന്നിലായിരുന്ന വിഭാഗീയത ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ ഉൾപ്പെടെ അഴിമതിയിൽ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണവുമായി ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. ആരോപണങ്ങളും പരാതികളുമായി പി.കെ. കൃഷ്ണദാസ് പക്ഷവും വി. മുരളീധര വിഭാഗവും ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനെ നേരിൽ കണ്ടു.
കോഴ വിവാദത്തിനും റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങൾക്ക് കൈമാറിയതിനു പിന്നിലും മുരളീധര വിഭാഗമാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിെൻറ പരാതി. കോർ കമ്മിറ്റി യോഗത്തിലുൾപ്പെടെ അഴിമതി ആരോപണം ഉന്നയിച്ച മുരളീധര വിഭാഗംതന്നെയാണ് എം.ടി. രമേശിനെ കുടുക്കാൻ ഇപ്പോൾ വിവാദത്തിന് വഴിമരുന്നിട്ടതെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ, നരേന്ദ്ര മോദി സർക്കാറിനെ ആദ്യമായി അഴിമതി ആരോപണത്തിൽ കുടുക്കിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന കടുത്ത നിലപാടിലാണ് മുരളീധര വിഭാഗം. ഇക്കാര്യമാണ് അവർ കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ചേർന്ന കോർകമ്മിറ്റിയിലും സംസ്ഥാന നേതാക്കളുടെ യോഗത്തിലും മൗനം അവലംബിച്ച ഇരുപക്ഷത്തെയും നേതാക്കൾ പക്ഷേ, കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അഴിമതി സംബന്ധിച്ച് വാചാലമായി.
പാർട്ടിക്കുള്ളിലെ ശത്രുക്കളെ ഇപ്പോഴേ കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാകുമെന്നാണ് കൃഷ്ണദാസ് പക്ഷത്തിെൻറ പരാതി. എം.ടി. രമേശിനെപ്പോലുള്ള ഒരു നേതാവിനെ താഴ്ത്തിക്കെട്ടുന്നനിലയിൽ പ്രചാരണം നടത്തിയതും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമിതി അംഗംതന്നെ ആവശ്യപ്പെട്ടതും ഗൂഢാലോചനയാണ് വ്യക്തമാക്കുന്നതെന്നുമാണ് അവരുടെ പരാതി. മുരളീധര പക്ഷനേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് കൃഷ്ണദാസ് വിഭാഗം ബി.എൽ. സന്തോഷിനോട് പരാതിപ്പെട്ടത്.
എന്നാൽ, അഴിമതിക്കെതിരെ നടപടി വേണമെന്നും ആർ.എസ്. വിനോദില്‍ മാത്രം ഒതുങ്ങുന്നതല്ല അഴിമതിയെന്നുമാണ് മുരളീധര വിഭാഗത്തിെൻറ വാദം. വിനോദ് ഒരു വിഭാഗം നേതാക്കളുടെ സ്വന്തം ആളാണ്. മുമ്പ് പല തവണ വിനോദിനെതിരെ നടപടി സ്വീകരിച്ചപ്പോഴും തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചത് ഇൗ വിഭാഗമാണെന്നും മാസങ്ങൾ കഴിഞ്ഞാൽ ഇയാൾ പാർട്ടിയിൽ മടങ്ങിയെത്തുമെന്നും അതിനാൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞദിവസം ചേർന്ന യോഗങ്ങളുടെ മിനിറ്റ്സും കൂടിക്കാഴ്ചയില്‍ നേതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ചേർത്തുള്ള റിപ്പോർട്ടാകും ബി.എൽ. സന്തോഷ് അമിത് ഷാക്ക് കൈമാറുക. ഇതിനു പുറമേ, ഷാക്ക് മുന്നിൽ പല നേതാക്കളുടെയും ആർ.എസ്.എസിെൻറയും പരാതികളുമുണ്ട്. ഈ സാഹചര്യത്തിൽ കോഴ വിവാദം അന്വേഷിക്കാൻ ദേശീയസമിതിയെ നിയോഗിക്കാനും അച്ചടക്കനടപടി കൈക്കൊള്ളാനും കേന്ദ്രനേതൃത്വം തയാറായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.