പേരാമ്പ്രയിൽ ബി.ജെ.പി യോഗം ആർ.എസ്.എസുകാർ കൈയ്യേറി; നേതാക്കൾക്ക് പരിക്ക് -VIDEO
text_fieldsപേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ബി.ജെ.പി നിയോജക മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗത്തിൽ കയറി ആർ.എസ്.എസ് പ്രവർത്തകരുടെ മർദനം. മണ്ഡലം ഭാരവാഹികളായ ശ്രീധരൻ മുതുവണ്ണാച്ച, ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു. പെട്രോൾ പമ്പ് ഉടമയോട് പണം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്.
ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ, മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് എന്നിവരുൾപ്പെടെ 40 പേർ പങ്കെടുത്ത യോഗത്തിലേക്ക് അതിക്രമിച്ച് കയറിയാണ് ആർ.എസ്.എസ് സംഘം അക്രമം നടത്തിയത്. ചൊവ്വാഴ്ച പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഫോമിലായിരുന്നു ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം യോഗം. കല്ലോട് മൂരികുത്തിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ ഉടമയോട് മണ്ഡലം നേതാക്കൾ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് ആർ.എസ്.എസുകാർ യോഗം കൈയ്യേറിയത്.
ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തി 1.10 ലക്ഷം രൂപ വാങ്ങിയതായും അതിനു ശേഷം 1.5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നുമുളള പമ്പ് ഉടമയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പമ്പ് ഉടമയും സംഘ്പരിവാറുമായി ബന്ധമുളള ആളാണ്. പമ്പിൽ ജോലിക്ക് എട്ട് ബി.ജെ.പി പ്രവർത്തകരെ നിർത്തണമെന്നും ആവശ്യപ്പെട്ടതായി ഉടമയുടെ ശബ്ദ സന്ദേശത്തിൽ ഉണ്ട്.
സാമൂഹിക വിരുദ്ധരാണ് യോഗം കൈയ്യേറിയതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ആരോപിച്ചു. കൈക്കൂലി വിവാദം പേരാമ്പ്ര ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.