കേരളത്തെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ച ബി.ജെ.പി മന്ത്രി രാജിവെക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച് ആക്ഷേപിക്കുകയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം പാകിസ്താനായതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതെന്നും വോട്ടു ചെയ്തത് ഭീകരര്‍ മാത്രമാണെന്നുമുള്ള പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും കേരള ജനതയെ അപമാനിക്കലുമാണ്.
സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ സി.പി.എം തുടങ്ങി വെച്ച വര്‍ഗീയ പരാമര്‍ശമാണ് ഇപ്പോള്‍ ബി.ജെ.പി ദേശീയ തലത്തിലും ഏറ്റെടുത്തിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിരെ ബി.ജെ.പി ആയുധം നല്‍കുന്നതായിരുന്നു സി.പി.എം നേതാവ് എ. വിജയരാഘവന്‍ പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവന. വിജയരാഘവനെ തിരുത്തുന്നതിനു പകരം സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കേരളത്തെ മിനി പാകിസ്താനെന്ന് ബി.ജെ.പി നേതാവ് ആക്ഷേപിച്ചതില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇനിയെങ്കിലും തയാറാകണം. അതിന് തയാറായില്ലെങ്കില്‍ ബി.ജെ.പിയും സി.പി.എമ്മും രണ്ടല്ല, ഒന്നാണെന്നു ജനങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ തുറന്നു സമ്മതിക്കണം. മഹാരാഷ്ട്രയിലെ മന്ത്രി കേരളത്തെ ആക്ഷേപിച്ചതില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.