കുഴൽപണം ബി.ജെ.പിയുടേത്; സ്ഥിരീകരിച്ച് അന്വേഷണ സംഘം, സംഘടന സെക്രട്ടറിയെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തു
text_fieldsതൃശൂർ: കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർന്ന കുഴൽ പണം ബി.ജെ.പിയുടേത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കർണാടകയിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്നാണ് പണം എത്തിയത്. ആലപ്പുഴ ജില്ല ട്രഷററെ ഏൽപിക്കാനായിരുന്നു നിർദേശമെന്ന, പണം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകിയ ധർമരാജിെൻറയും സുനിൽ നായിക്കിെൻറയും മൊഴി ശരിയാണെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
പണം ആർക്ക് എത്തിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സംസ്ഥാന നേതാക്കൾ കുടുങ്ങുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ആരോപിതർ നിലവിലെ സംസ്ഥാന നേതൃത്വവുമായി ഏറെ അടുപ്പമുള്ളവരാണെന്നതും ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്നു.
അതിനിടെ, കുഴൽപണം കവർന്ന കേസിൽ ബി.ജെ.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേഷിനെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തു. തൃശൂർ പൊലീസ് ക്ലബിൽ രാവിലെ പത്തുമുതൽ ഒന്നര വരെയായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പറഞ്ഞ് ഇദ്ദേഹത്തെ വിട്ടയച്ചു. കുഴൽപണ കവർച്ച കേസുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് എം. ഗണേഷ് മൊഴി നൽകി.
പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നും പരാതിക്കാരനായ ധര്മരാജിനെ വിളിച്ചത് സംഘടനാപരമായ കാര്യങ്ങള് സംസാരിക്കാനാണെന്നും ഗണേഷ് അന്വേഷണ സംഘത്തിന് മൊഴി നല്കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷിനെ ശനിയാഴ്ച ചോദ്യം ചെയ്യും. അതേസമയം, പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നാണ് നേതാക്കൾ പറയുന്നത്.
സംസ്ഥാന നേതാക്കൾ അടക്കമുള്ളവരുമായി ധർമരാജും സുനിൽ നായിക്കും ഷംജീറും നടത്തിയ ഫോൺ വിളികൾ നിർണായകമാണ്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിൽനിന്ന് ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കുന്ന നിർണായക മൊഴികൾ ലഭിച്ചിരുന്നു. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് സെക്രട്ടറിയാണെന്ന് ധർമരാജ് പറഞ്ഞിരുന്നു.
തൃശൂർ ഓഫിസ് സെക്രട്ടറിയും ജില്ല നേതാവുമായ സതീശനെതിരെയാണ് മൊഴി. ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് സതീശ്. ഇയാളുടെ ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ട് മുറികൾ എടുത്തിരുന്നതായി ലോഡ്ജ് ജീവനക്കാരൻ മൊഴി നൽകിയിരുന്നു. മുറികൾ നേരത്തേ തന്നെ ബുക്ക് ചെയ്തതും സംശയത്തിന് ഇടനൽകുന്നതാണ്. ഇത് കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. അടുത്ത ദിവസം സതീശെൻറ മൊഴിയെടുക്കും.
ജില്ല നേതൃത്വത്തിെൻറ നിർദേശമനുസരിച്ചാണ് മുറി ബുക്ക് ചെയ്തതെന്നാണ് സതീശൻ പറയുന്നത്. ഓരോരുത്തർക്കും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പ്രതിഫലം ലഭിച്ചതായും പ്രതികൾ കവർച്ചക്കുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചതിെൻറയും ആഡംബര ജീവിതത്തിെൻറയും തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.