ഗുരുവായൂരിൽ ഡി.എസ്.ജി.പി സ്ഥാനാർഥിയെ പിന്തുണക്കാൻ ബി.ജെ.പി നീക്കം
text_fieldsതൃശൂർ: നാമനിർദേശപത്രിക തള്ളിയതോടെ സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജി.പി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ ബി.ജെ.പി നീക്കം. മണ്ഡലത്തിലെ എൻ.ഡി.എയുടെ വോട്ടുകൾ ചിതറി പോകാതിരിക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കത്തിന് പിന്നില്ലെന്നാണ് റിപ്പോർട്ട്. ഡി.എസ്.ജി.പിയെ എൻ.ഡി.എ സഖ്യകക്ഷിയാക്കാൻ നേരത്തെ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.
എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക ഹൈകോടതി തള്ളിയതിന് പിന്നാലെ ഡി.എസ്.ജി.പിയുമായി ബി.ജെ.പി ജില്ലാ നേതാക്കൾ ഇന്നലെ വൈകീട്ട് ചർച്ച ആരംഭിച്ചിരുന്നു. പിന്തുണ നൽകുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ബി.ജെ.പി നേതൃത്വം ചർച്ച നടത്തിയതായും പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ദിലീപ് നായർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി.എസ്.ജി.പി സംസ്ഥാന ട്രഷററാണ് ദിലീപ് നായർ.
ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെ നാമനിർദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളാൻ കാരണം. ഇതിനെതിരെ നിവേദിത ഹൈകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കോടതി തയാറായില്ല.
ഡമ്മി ഇല്ലാത്തതിനാൽ ഗുരുവായൂർ മണ്ഡലത്തിൽ എൻ.ഡി.എക്ക് ഇതോടെ സ്ഥാനാർഥി ഇല്ലാതായി. 2016ലും നിവേദിതയായിരുന്നു ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി. അന്ന് 25,490 വോട്ട് കിട്ടി. അതിവേഗത്തിൽ ബി.ജെ.പിയുടെ വോട്ട് വർധിച്ച മണ്ഡലമാണ് ഗുരുവായൂർ. ഈ തെരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്ന് ബി.ജെ.പി വിലയിരുത്തിയ മണ്ഡലം കൂടിയാണിത്.
തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ നാമനിർദേശപത്രികളും വരണാധികാരി തള്ളിയിരുന്നു. തലശ്ശേരിയിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസിന്റെയും ദേവികുളത്ത് എൻ.ഡി.എ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി എം.ആർ ധനലക്ഷ്മിയുടെയും പത്രികയാണ് പിഴവ് കാരണം തള്ളിയത്. പത്രിക തള്ളിയതിെതിരെ ഇരുവരും ഹൈകോടതിയിൽ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ കോടതി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.