നടൻ കൃഷ്ണകുമാറിനെ പിന്തുണച്ച് കെ.സുരേന്ദ്രൻ; 'വേട്ടയാടാന്‍ അനുവദിക്കില്ല, കൃഷ്ണമണിപോലെ കാക്കും'
text_fieldsവിവാദ പരാമർശങ്ങളിലൂടെ വെട്ടിലായ നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സുരേന്ദ്രൻ പിന്തുണ അറിയിച്ചത്. നടനെ വേട്ടയാടാൻ ആരേയും അനുവദിക്കില്ലെന്നും ഇത് പഴയ കേരളമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാപ്രസ്ഥാനം കൂടെയുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും സുന്ദ്രേൻ പറയുന്നു. 'പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിെൻറ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു'-സുരേന്ദ്രൻ പോസ്റ്റിൽ പറഞ്ഞു.
നരേന്ദ്ര മോദി ഇന്ത്യയെ രക്ഷിക്കാൻ വന്ന അവതാരമാണെന്നാണ് കൃഷ്ണകുമാർ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനുമായി യു ട്യൂബിൽ നടത്തിയ ലൈവ് സംഭാഷണത്തിൽ പറഞ്ഞത്. മോദിയൊരു വ്യക്തിയല്ലെന്നും പ്രസ്ഥാനമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇന്ത്യ വളരെ അപകടാവസ്ഥയിലായ കാലത്താണ് മോദി അധികാരത്തിൽ വന്നത്. രാജ്യം കൈവിട്ടുപോകുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതിനുശേഷം വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാർ കഴിയുന്ന ആളാണ് അദ്ദേഹമെന്നും കൃഷ്ണകുമാർ പറഞ്ഞു.
മോദിയാണ് രാജ്യത്തിെൻറ തല സുരക്ഷിതമാക്കിയത്. നേരത്തെ കാശ്മീർ നമ്മുടേതെന്ന് പറയാൻ മാത്രയെ കഴിഞ്ഞിരുന്നുള്ളു. ഇപ്പോഴാണ് അവിടം ഇന്ത്യയുടെ ഭാഗമായി മാറിയത്. 1980കളിൽ താൻ ശാഖയിൽ പോയിരുന്നതായും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും മക്കൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനുമാണ് രാഷ്ട്രീയം പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിന്നുണ്ടായ ചില അനുഭവങ്ങളും രാഷ്ട്രീയം പുറത്തുകാണിക്കാതിരിക്കാൻ കാരണമായി.
കേരളത്തിലെ സിനിമ ഒരു പ്രത്യേക ലോകമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. മകൾ അഹാനക്കുനേരേ നടന്ന സൈബർ ആക്രമണങ്ങളിലും കൃക്ണകുമാർ പ്രതികരിച്ചിരുന്നു. മകൾ ചെയ്തത് ശരിയായിരുന്നു. പക്ഷെ കേരളത്തിലെ പൊതുമണ്ഡലത്തിൽ പറയാൻ പാടില്ലാത്ത രണ്ട് കാര്യങ്ങളാണ് മതവും രാഷ്ട്രീയവും. ഇത് രണ്ടും നമ്മൾ മാറ്റിവയ്ക്കണമെന്നും അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുത്തിട്ട് പറയാനുള്ളത് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അതേടാ ഞങ്ങൾ സംഘികൾ തന്നെ, കട്ടക്ക് മറുപടിയുമായി സിനിമാ സീരിയൽ നടൻ കൃഷ്ണകുമാർ' എന്ന തലക്കെട്ടിലാണ് വീഡിയൊ പോസ്റ്റ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.