ബി.ജെ.പി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം; സുരേന്ദ്രനും രമേശും പരിഗണനയിൽ
text_fieldsതിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറം ഗവർണറായതിനെ തുടർന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബി.ജെ.പിയിൽ തർക്കം. നിലവിലുണ്ടായിരുന്ന സമിതിയിലെ ജന.സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരെയാണ് പരിഗണിക്കുന്നത്. എന്നാൽ, സമവായമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആർ.എസ്.എസ് നേതൃത്വവും ഇടപെട്ടുകഴിഞ്ഞു.
ബി.ജെ.പിയിലെ ഇരുവിഭാഗങ്ങൾ അവകാശവാദവുമായി എത്തിയതാണ് തർക്കം രൂക്ഷമാക്കിയത്. വി. മുരളീധരെൻറ ആളാണ് സുരേന്ദ്രനെന്നും അതിനാൽ പാർട്ടിയിൽ വീണ്ടും ഗ്രൂപ് ശക്തമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർഭാഗം എം.ടി. രമേശിെൻറ പേരുമായി രംഗത്തെത്തിയത്.
കുമ്മനത്തെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയതോടെ ബി.ജെ.പിയുടെ നിലവിലെ ഭരണസമിതി ഇല്ലാതായെന്നും അതാണ് ഭരണഘടന വ്യവസ്ഥചെയ്യുന്നതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ആ സാഹചര്യത്തിൽ പ്രസിഡൻറ് ഉൾപ്പെടെ പുതിയ ഭാരവാഹികളെ െതരഞ്ഞെടുക്കേണ്ടിവരും. ഫലത്തിൽ സംസ്ഥാന ബി.ജെ.പിയിൽ ഭരണസംവിധാനമില്ലാത്ത അവസ്ഥയാണ്. മുൻ എ.ബി.വി.പി നേതാവും മലയാളിയുമായ എ. ജയകുമാറിനെ സംഘടനാ സെക്രട്ടറിയായി കൊണ്ടുവരാനും നീക്കമുണ്ട്.
നിലവിലെ സംഘടനാ സെക്രട്ടറി എം. ഗണേശ്, മുൻസെക്രട്ടറി കെ. സുഭാഷ് എന്നിവരെ ഒഴിവാക്കിയാക്കും ഇൗ നിയമനം എന്നാണ് സൂചന. പുറമെ ജന. സെക്രട്ടറിമാർ, വൈസ് പ്രസിഡൻറുമാർ, സെക്രട്ടറിമാർ ഉൾപ്പെടെ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും വിഹിതംവെപ്പിന് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.