ബി.ജെ.പി പുനഃസംഘടന: ആദ്യ പൊട്ടിത്തെറി വയനാട്ടിൽ; ബത്തേരി മണ്ഡലം കമ്മിറ്റി രാജിവെച്ചു
text_fieldsകൽപ്പറ്റ: പാർട്ടി പുനഃസംഘടനക്ക് പിന്നാലെ വയനാട് ബി.ജെ.പിയിൽ പൊട്ടിത്തെറി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി രാജിവെച്ചു. മണ്ഡലം അധ്യക്ഷൻ കെ.ബി. മദൻലാൽ അടക്കമുള്ള 13 ഭാരവാഹികളാണ് ഒറ്റക്കെട്ടായി രാജിവെച്ചത്.
പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തെരഞ്ഞെടുത്ത സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഒാഫീസ് ഉദ്ഘാടനത്തിനായി ഇന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എത്താനിരിക്കെയാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്.
നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വയനാട് ബി.ജെ.പിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ബത്തേരി മണ്ഡലത്തിൽ മത്സരിക്കുന്നതിന് സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണമാണ് പ്രതിഷേധം ഉയരാൻ ഇടയാക്കിയത്.
കെ.പി. മധുവാണ് പുതിയ വയനാട് ജില്ലാ പ്രസിഡന്‍റ്. പലവിധ ആരോപണങ്ങളിൽ ഉൾപ്പെട്ടവരാണ് പുതിയ നേതൃത്വത്തിൽ എത്തിയതെന്നാണ് ആക്ഷേപം. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഐ.സി ബാലകൃഷ്ണന് വോട്ട് മറിച്ചു നൽകിയെന്ന ആരോപണവും നേതൃത്വത്തിനെതിരെ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടനയിൽ പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലാ അധ്യക്ഷന്മാരെ മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.