ബി.ജെ.പി: നേതൃമാറ്റത്തിന് കേന്ദ്രത്തിന് പരാതിയുമായി മുതിർന്ന നേതാക്കൾ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാത്ത സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമെതിരെയാണ് മുൻ സംസ്ഥാന അധ്യക്ഷന്മാരടക്കമുള്ളവർ കേന്ദ്ര നേതൃത്വത്തിന് ഇ-മെയിൽ വഴി പരാതികൾ നൽകിയത്.
ദേശീയ പ്രസിഡൻറ് ജെ.പി. നഡ്ഡക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും പരാതി കിട്ടിയിട്ടുണ്ട്. നേതൃമാറ്റം നടത്തി ബി.ജെ.പിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കണമെന്നാണ് പ്രധാന ആവശ്യം. ജനങ്ങളിലുള്ള വിശ്വാസം സുരേന്ദ്രനും മുരളീധരനും ഈ തെരഞ്ഞെടുപ്പോടെ തകർത്തതായും വോട്ട് മറിച്ചുകൊടുക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്ന ചിന്ത തെരഞ്ഞെടുപ്പിനുശേഷം ജനങ്ങളിലുണ്ടായതായും പരാതിയിൽ പറയുന്നു. 90 മണ്ഡലങ്ങളിൽ 1991നെക്കാൾ ബി.ജെ.പിയെ പിറകോട്ടു കൊണ്ടുപോകുന്ന വോട്ട് കച്ചവടമാണെന്നാണ് ആക്ഷേപം. 1991ലെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ വോട്ട് കച്ചവടം നടത്തിയതായി ആരോപണമുണ്ടായിരുന്നു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ പാർട്ടി സംസ്ഥാനത്ത് വോട്ട് വർധിപ്പിച്ചുകൊണ്ടിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതം കൂട്ടിയതിനൊപ്പം 2016ൽ നേമത്ത് രാജഗോപാലിന് ജയം നേടാനുമായി. എന്നാൽ, ഇത്തവണ കൈയിലുള്ള സീറ്റും നഷ്ടമായതായി സുരേന്ദ്ര വിരുദ്ധ പക്ഷം ചൂണ്ടിക്കാട്ടുന്നു. വിശ്വാസ്യത തകർത്ത നേതൃത്വത്തിനു കീഴിൽ ബി.ജെ.പിക്ക് മുന്നോട്ടുള്ള പ്രവർത്തനം സാധ്യമല്ല. യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തകർക്കും ജനങ്ങൾക്കും വിശ്വാസമുള്ള നേതൃത്വത്തെ പാർട്ടിയെ നയിക്കാൻ ഏൽപിക്കണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നു. 2016ലെ നിയമസഭ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ശതമാനം വോട്ട് നേടി ബി.ജെ.പി സംസ്ഥാനത്തെ വളർച്ചയുള്ള പാർട്ടിയായി മാറിയിരുന്നു. നിലവിൽ ഏറ്റവും തളർച്ച നേരിടുന്ന കക്ഷിയായി സുരേന്ദ്രനും മുരളീധരനും ബി.ജെ.പിയെ മാറ്റി. ജനപിന്തുണയുള്ള നേതാക്കൾക്ക് മത്സരിക്കാൻ സീറ്റുപോലും നൽകിയില്ല.
നേതൃമാറ്റമുണ്ടെങ്കിലേ വിട്ടുനിൽക്കുന്ന മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർ തിരിച്ചുവരൂ. ഇല്ലെങ്കിൽ മത്സരിക്കാൻപോലും ആളെ കിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇ. ശ്രീധരനെപ്പോലും ജയിപ്പിക്കാൻ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിെൻറ പരാജയമാണെന്നും ആരോപിക്കുന്നു. തെരെഞ്ഞടുപ്പിലെ ദയനീയ തോൽവിക്കുശേഷം നടന്ന ഭാരവാഹി യോഗത്തിൽ സുരേന്ദ്രൻ വിരുദ്ധ പക്ഷത്തെ നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ് എന്നിവർ പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ചില നേതാക്കൾ കേന്ദ്രത്തിന് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.