ബി.ജെ.പി ഗാന വിവാദം: യുട്യൂബിൽ നിന്ന് ഗാനം എടുത്തപ്പോൾ പിഴവുണ്ടായെന്ന് വിശദീകരണം
text_fieldsമലപ്പുറം: കെ. സുരേന്ദ്രന്‍റെ കേരള പദയാത്രയുടെ പ്രചരണ ഗാന വിവാദത്തിൽ വിശദീകരണവുമായി ബി.ജെ.പി മലപ്പുറം സോഷ്യൽ മീഡിയ ടീം. ലൈവ് കൊടുക്കാനായി തയാറാക്കിയ വാഹനത്തിലെ ജനറേറ്റർ കേടായപ്പോൾ യുട്യൂബിൽ നിന്ന് ഗാനം എടുത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സോഷ്യൽ മീഡിയ ടീമിന്‍റെ വിശദീകരണം.
കഴിഞ്ഞ യു.പി.എ സർക്കാറിന്‍റെ കാലത്ത് ബി.ജെ.പി പ്രതിപക്ഷത്തിരുന്ന സമയത്തെ ഗാനമാണിത്. യഥാർഥ പ്രചരണ ഗാനം കാണാത്ത സാഹചര്യത്തിൽ യുട്യൂബിൽ നിന്നുള്ള ഗാനം 40 സെക്കൻഡ് വെച്ചെന്നുമാണ് വിശദീകരണത്തിലുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, 2014ന് ശേഷമാണ് ബി.ജെ.പി കേരളം എന്ന ഔദ്യോഗിക യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഐ.ടി ടീം പറയുന്ന തരത്തിലുള്ള ഒരു ഗാനം യുട്യൂബിലില്ലെന്നും മനഃപൂർവം ഗാനം വെച്ചതാണെന്നുമാണ് കേരളത്തിലെ ഔദ്യോഗികപക്ഷം ആരോപിക്കുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ കേരള പദയാത്രയുമായി ബന്ധപ്പെട്ട പ്രചരണ ഗാനവും പോസ്റ്ററുമാണ് വലിയ വിവാദത്തിന് വഴിവെച്ചത്. 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ' എന്നാണ് ഗാനത്തിലെ വരികളിലുള്ളത്.
ഇതോടൊപ്പം, പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിയുടെ നോട്ടീസിലാണ് മറ്റൊരു വിവാദ പരാമർശമുള്ളത്. 'ഉച്ചഭക്ഷണം: എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്ന പരാമർശമാണ് വിവാദമായത്. ഇതോടെ ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഗാനവും നോട്ടീസും നീക്കാനും പദയാത്രകളിലും വേദികളിലും വിവാദ ഗാനം കേൾപ്പിക്കരുതെന്നും സംസ്ഥാന നേതൃത്വം നിർദേശം നൽകി. വിഡിയോയിലേത് സൗണ്ട് മിക്സ് ചെയ്തപ്പോഴുണ്ടായ അബദ്ധമാണെന്നാണ് ഐ.ടി സെൽ ആദ്യം വിശദീകരിച്ചത്.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ ഗാനവും നോട്ടീസും വ്യാപകമായി പ്രചരിക്കുകയും രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. ദലിത് നേതാക്കളെ അംഗീകരിക്കാൻ ബി.ജെ.പിക്ക് വിമുഖതയുണ്ടെന്ന തരത്തിലായിരുന്നു നോട്ടീസിനെതിരായ വിമർശനം.
പട്ടിക ജാതി വിഭാഗങ്ങളോടുള്ള അവഹേളനമാണെന്ന് എസ്.സി-എസ്.ടി കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജൻ പുലിക്കോടും പ്രതികരിച്ചു. പട്ടിക വർഗക്കാരെ ഇതുവരെ പരിഗണിക്കാത്ത പാർട്ടിയാണ് ബി.ജെ.പി. സമുദായത്തോട് കാണിക്കുന്ന വഞ്ചനയാണിത്. സുരേന്ദ്രൻ മാപ്പ് പറയണമെന്നും ജനറൽ കൺവീനർ രാജൻ പുലിക്കോട് ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആണ് ഗാനത്തെ കുറിച്ച് പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. 'ആദ്യമായാണ് സുരേന്ദ്രന്‍റെ പരിപാടിയിൽ നിന്ന് ഒരു സത്യം കേൾക്കുന്നതെന്നാണ്' ഫിറോസ് ഗാനം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.