ബി.ജെ.പിയിൽ പൊട്ടിത്തെറി; കൊടുങ്ങല്ലൂരിൽ ഉമേഷ് ചള്ളിയിൽ വിമതൻ
text_fieldsകൊടുങ്ങല്ലൂർ: സീറ്റ് വിഭജനത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ ബി.ജെ.പിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ഉമേഷ് ചള്ളിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന സമിതി അംഗമായ ഉമേഷ് ചള്ളിയിൽ സ്ഥാനാർഥിയാകാൻ നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നേതൃത്വം പരിഗണിച്ചില്ലെന്ന് കൊടുങ്ങല്ലൂർ മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറും കൂടിയായ ഇദ്ദേഹം ആരോപിച്ചു. ഇതേതുടർന്നാണ് കൊടുങ്ങല്ലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. രണ്ട് പ്രധാന മുന്നണികൾ നിയോജക മണ്ഡലത്തിന് പുറത്തുനിന്ന് സ്ഥാനാർഥികളെ ഇറക്കിയതിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ് സ്ഥാനാർഥിത്വമെന്നും ഉമേഷ് പറഞ്ഞു.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്തുനിന്ന് തന്നെ ബി.ജെ.പി നേതൃത്വം അകറ്റിനിർത്തി. നിയമസഭ സ്ഥാനാർഥിയാകാൻ അർഹതയുണ്ടായിട്ടും താൻ താൽപര്യം പ്രകടിപ്പിച്ചിട്ടും പരിഗണിച്ചില്ല. യു.ഡി.എഫിനും എൻ.ഡി.എക്കും നിയോജക മണ്ഡലത്തിൽ വ്യക്തിപ്രഭാവവും നേതൃശേഷിയുമുള്ള നേതാക്കൾ ഉണ്ടായിട്ടും അവരെ ഒഴിവാക്കിയത് പ്രവർത്തകരുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉമേഷ് ചള്ളിയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
2001ല്‍ ജെ.എസ്.എസ് നേതാവായിരിക്കെ യു.ഡി.എഫ് ടിക്കറ്റിൽ വിജയിച്ചാണ് ഉമേഷ് ചള്ളിയില്‍ എം.എല്‍.എ ആയത്. എന്നാൽ, 2015ൽ ജെ.എസ്.എസ് വിട്ട് സി.പി.ഐയിൽ ചേർന്നു. 2019ൽ ബി.ജെ.പിയിൽ ചേർന്നു. അന്നത്തെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയാണ് ഉമേഷിന്‍റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചത്. പിന്നീട് സംസ്ഥാന സമിതി അംഗം വരെയായി.
സന്തോഷ് ചെറാകുളമാണ് കൊടുങ്ങല്ലൂരിൽ ബി.ജെ.പി സ്ഥാനാർഥി. എൽ.ഡി.എഫിൽ വി.ആർ സുനിൽ കുമാർ (സി.പി.ഐ), യു.ഡി.എഫിൽ എം.പി. ജാക്സൺ (കോൺഗ്രസ്) എന്നിവരാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.