കെ.ടി. ജലീൽ പറഞ്ഞ കിറ്റ് സ്വർണ കിറ്റാണോ എന്നാണ് സംശയം -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: റമദാൻ കിറ്റിെൻറ വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുൽ ജനറൽ ആവശ്യപ്പെട്ടതുപ്രകാരമാണ് താൻ സ്വപ്നയുമായി സംസാരിച്ചതെന്ന മന്ത്രി കെ.ടി. ജലീലിെൻറ വാദത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കെ.ടി ജലീൽ പറഞ്ഞ കിറ്റ് സ്വർണ കിറ്റാണോ എന്ന കാര്യമാണ് ഇപ്പോൾ സംശയാസ്പദമായി വന്നിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രി വിളിച്ചതും മന്ത്രിയെ ഇങ്ങോട്ട് വിളിച്ചതും സ്വപ്ന മാത്രമല്ലല്ലൊ. എന്തിനാണ് സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയും യു.എ.ഇ ബന്ധമൊന്നുമില്ലാത്തയാളുമായ സരിത് കെ.ടി. ജലീലിെൻറ പ്രൈവറ്റ് സെക്രട്ടറിയെയും തിരിച്ചും തുടർച്ചയായി വിളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ മന്ത്രി ഉപയോഗിക്കുന്നില്ലെന്നതിന് എന്താണ് തെളിവ്.? മന്ത്രിയുടെ ഓഫീസിൽ എന്തിനാണ് സരിത് വന്നതെന്നും അദ്ദേഹം ചോദിച്ചു. ജലീലിെൻറ വാദമുഖങ്ങൾ വിശ്വാസ്യയോഗ്യമല്ല. ജലീലിന് നേരത്തേയും സ്വപ്നയുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ട്. അദ്ദേഹം സംശയത്തിെൻറ നിഴലിലാണ്. നേരത്തേയും ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നയാളാണ് ജലീലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെ.ടി. ജലീൽ എന്തുകൊണ്ട് സ്വപ്നയുമായി പരിചയമുണ്ടെന്നും തന്നെ വിളിച്ചിട്ടുണ്ടെന്നുമുള്ള കാര്യം തുറന്നു പറയാതിരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ഈ സംശയങ്ങളെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസ്യത തെളിയിക്കാൻ െക.ടി ജലീൽ രണ്ടു മാസത്തെ ഫോൺ രേഖകൾ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന് സ്വപ്നയുമായും സരിത്തുമായും സന്ദീപ് നായരുമായുമുള്ളത് സാധാരണ സൗഹൃദം മാത്രമാണോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.