തൃശൂർ മേയറുടെ വീട്ടിൽ കേക്കുമായി കെ. സുരേന്ദ്രൻ; ആർക്ക് മനസ്സിലായാലും ഇതിലെ രാഷ്ട്രീയം സി.പി.എമ്മിന് മനസ്സിലാകില്ലെന്ന് അനിൽ അക്കര
text_fieldsതൃശൂർ: ബി.ജെ.പി ബാന്ധവത്തിന്റെ പേരിൽ പലതവണ വിവാദനായകനായ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിന്റെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ക്രിസ്മസ് കേക്ക് നൽകി. ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തെത്തി. കേരളത്തിലെ ആറ് കോർപറേഷനുകളിലെ ഒരേ ഒരു മേയറെ മാത്രം വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബി.ജെ.പിയുടെ രാഷ്ട്രീയം ആർക്ക് മനസ്സിലായാലും തൃശ്ശൂരിലെ സി.പി.എമ്മിന് മനസ്സിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ഒട്ടകപക്ഷിയുടെ തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴിച്ച് ബാക്കി അഞ്ചും സിപിഎം മേയർമാരാണ്. അവിടെയൊന്നും പോകാതെ, കോഴിക്കോട്ടെ സ്വന്തം മേയർക്ക് പോലും നൽകാതെയാണ് തൃശ്ശൂർ മേയറെ വീട്ടിൽ പോയി കണ്ട് കേക്ക് കൊടുത്തതെന്നും അനിൽ പറഞ്ഞു.
ബി.ജെ.പിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായാണ് കെ. സുരേന്ദ്രൻ തൃശൂർ മേയറുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം വീട്ടിലെത്തിയായിരുന്നു ക്രിസ്മസ് കേക്ക് കൈമാറിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നും സന്ദർശനത്തിന് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്മസ് പരസ്പരം മനസിലാക്കലിന്‍റെയും സമാധാനത്തിന്‍റെയും ആഘോഷമാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, ബി ജെ പി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമുണ്ടെന്ന് വർഗീസ് പറഞ്ഞു. ക്രിസ്തുമസ് ദിവസം തന്‍റെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അനിൽ അക്കരയുടെ കുറിപ്പ് പൂർണരൂപത്തിൽ:
കേരളത്തിലെ,
ഒരേഒരു മേയർക്ക്
കേക്ക് കൊടുത്ത്
ബിജെപി പ്രസിഡൻ്റ്.
കേരളത്തിലെ ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴിച്ച് ബാക്കി അഞ്ചും സിപിഎം മേയർമാരാണ്.
അവിടെയൊന്നും പോകാതെ
കോഴിക്കോട്ടെ സ്വന്തം മേയർക്ക് പോലും നൽകാതെ
തൃശ്ശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആർക്ക്
മനസ്സിലായാലും തൃശ്ശൂരിലെ
സിപിഎമ്മിന് മനസ്സിലാകില്ല. അത് ഒട്ടകപക്ഷിയുടെ
തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.