ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്: മുൻതൂക്കം സുരേന്ദ്രന് തന്നെ
text_fieldsകൊച്ചി: പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്ന ബി.െജ.പി യിൽ മുൻതൂക്കം കെ. സുരേന്ദ്രന് തന്നെ. അതേസമയം, വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന ചർച്ചയോടെ പുറത്തുനിന്നൊരാൾ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത വീണ്ടും വർധിച്ചിട്ടുണ്ട്. പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ആഴം കേന്ദ്ര നേതാക്കൾക്ക് ബോധ്യമായ സാഹചര്യത്തിലാണ് മുമ്പ് കുമ്മനത്തെ കൊണ്ടുവന്ന പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസിൽ നിന്നുള്ള ഒരാളെ നിയോഗിക്കാനുള്ള സാധ്യത കേന്ദ്ര നേതാക്കൾ ആരായുന്നത്. കൂടിക്കാഴ്ചയിൽ കോർ കമ്മിറ്റി അംഗങ്ങളും ആർ.എസ്. എസ് നേതാക്കളുമടക്കം 51 പേരിൽ നിന്നാണ് അഭിപ്രായം തേടിയത്.
ഇതിൽ ഭൂരിപക്ഷവും കെ.സുരേന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എം.ടി. രമേശിന് സാധ്യതയില്ലെന്ന് ഉറപ്പായതോടെ കൃഷ്ണദാസ് പക്ഷക്കാർ എ.എൻ. രാധാകൃഷ്ണെൻറ പേരും ഉയർത്തി. ഇത് ഫലത്തിൽ കൃഷ്ണദാസ് പക്ഷത്ത് ഭിന്നതക്ക് ഇടയാക്കി. കാര്യങ്ങൾ കൈവിട്ടു പോകുന്ന സാഹചര്യത്തിൽ ഏതുവിധേനയും സുരേന്ദ്രെന തടയുക എന്ന ലക്ഷ്യത്തോടെ പുറത്തുനിന്നൊരാൾ മതിയെന്ന നിലപാടിലേക്ക് കൃഷ്ണദാസ് പക്ഷം മാറി. ഒപ്പം നിൽക്കുന്നവർക്ക് സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ ഇത്തരത്തിലൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കണമെന്ന് അവർ കണക്കുകൂട്ടിയിരുന്നു. സംസ്ഥാനത്തെ നേതാക്കളുമായി നടത്തിയ അഭിമുഖത്തിൽ നേതാക്കളുടെ അഭിപ്രായം തേടിയതിനൊപ്പം ആരെ നിയോഗിച്ചാലും അംഗീകരിച്ചുകൊള്ളാമെന്ന ഉറപ്പും വാങ്ങിയാണ് കേന്ദ്ര നേതാക്കൾ മടങ്ങിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന പാർട്ടിയിൽ മോശമല്ലാത്ത പ്രതിഛായ ഉള്ള ഒരാളെ പ്രസിഡൻറാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. തമ്മിൽ ഭേദം എന്ന നിലയിൽ സുരേന്ദ്രനെ സമവായത്തിലൂടെ തീരുമാനിക്കാൻ കഴിയുമോ എന്ന പരിശോധനയാണ് യഥാർഥത്തിൽ വെള്ളിയാഴ്ച നടന്നത്. ഭൂരിപക്ഷം സുരേന്ദ്രനെ അനുകൂലിച്ചെങ്കിലും പ്രബല വിഭാഗം കടുത്ത നിലപാടിൽ അയവുവരുത്തിയില്ല. മുമ്പ് ചില മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് സുരേന്ദ്രനെ കൊണ്ടുവരുന്നതിനെ എതിർത്തത്. പാർട്ടി പൂർണമായും മുരളീധരെൻറയും സുരേന്ദ്രെൻറയും പിടിയിലാകുമോ എന്ന ആശങ്കയാണ് കൃഷ്ണദാസ് പക്ഷത്തെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് നിർബന്ധിതമാക്കുന്നത്. കേരളത്തിൽ കലങ്ങി മറിയുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ അനുകൂല സാഹചര്യം നിലനിൽക്കുേമ്പാഴും പാർട്ടിക്ക് സമവായത്തിലൂടെ ഒരു പ്രസിഡൻറിനെ തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിൽ ദേശീയ നേതൃത്വം അസ്വസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.