Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികളെ വഞ്ചിച്ച...

മലയാളികളെ വഞ്ചിച്ച നേതാക്കളിൽ പിണറായിയും; തുറന്ന കത്തുമായി കുമ്മനം

text_fields
bookmark_border
pinarayi-kummanam
cancel

കോഴിക്കോട്: സി.പി.എമ്മുമായുള്ള സന്ധി സംഭാഷണം, വികസന സംവാദം എന്നീ വിഷങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൊലക്കത്തി പുറകിൽ ഒളിപ്പിച്ച് വെച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാൻ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂവെന്ന് കുമ്മനം പറഞ്ഞു. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കൾക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേരളത്തിൽ വരേണ്ടി വന്ന സാഹചര്യം എന്തു കൊണ്ട് ഉണ്ടായെന്ന് ഇപ്പോഴും താങ്കൾ ചിന്തിക്കാത്തത് മലയാളിയുടെ ദൗർഭാഗ്യം എന്നേ പറയാനുള്ളൂ. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ കൂടുതലായി ഒന്നും നേടിത്തരാൻ സംസ്ഥാനം ഭരിച്ച ആർക്കും സാധിച്ചിട്ടില്ല. മലയാളികളെ ഇത്ര നാളും വഞ്ചിച്ച് നേതാക്കൾ ചമഞ്ഞു നടക്കുന്ന താങ്കളെ പോലുള്ളവരാണെന്നും കുമ്മനം കത്തിൽ വ്യക്തമാക്കുന്നു. 

കത്തിന്‍റെ പൂർണരൂപം: 
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ഭാരതീയ ജനതാപാർട്ടി നടത്തിയ ജനരക്ഷായാത്ര താങ്കളുടേയും താങ്കളുടെ പാർട്ടിയുടേയും സമനില തെറ്റിച്ചതായി മനസ്സിലാക്കുന്നു. അതുകൊണ്ടാണല്ലോ അങ്ങ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അർദ്ധസത്യങ്ങളും അസത്യങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്നത്. വികസന സംവാദത്തിൽ നിന്ന് ബിജെപി നേതാക്കൾ ഒളിച്ചോടിയെന്ന് താങ്കളുടെ അവകാശവാദം തെറ്റാണെന്ന് ആദ്യമേ പറയട്ടേ. ഒരു സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂർണ്ണമായ അന്തരീക്ഷം ആണെന്ന് താങ്കൾക്കും അറിവുണ്ടാകുമല്ലോ? രാഷ്ട്രീയ എതിരാളികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരിയായ താങ്കൾ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അർത്ഥശൂന്യമാണ്. കൊലക്കത്തി പുറകിൽ ഒളിപ്പിച്ച് വെച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാൻ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂ. ബിജെപിയുടെ കേന്ദ്ര നേതാക്കൾക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇവിടെ വരേണ്ടി വന്ന സാഹചര്യം എന്തു കൊണ്ട് ഉണ്ടായെന്ന് ഇപ്പോഴും താങ്കൾ ചിന്തിക്കാത്തത് മലയാളിയുടെ ദൗർഭാഗ്യം എന്നേ പറയാനുള്ളൂ.

കേരളം ഭരിക്കുന്ന താങ്കളുടേയും താങ്കളുടെ പാർട്ടിയുടേയും കിരാത മുഖത്തേപ്പറ്റിയും ഇവിടുത്തെ സാമൂഹ്യ സാഹചര്യത്തേപ്പറ്റിയും സംസാരിക്കുന്നത് കേരളത്തിന് എതിരായ വിമർശമാണെന്ന താങ്കളുടെ കണ്ടെത്തൽ എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. കേരളം കൈവരിച്ച പുരോഗതിയ്ക്കെല്ലാം അവകാശി താങ്കളും താങ്കളുടെ പാർട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്നതാണ്. കേരളം പുരോഗതിയും ഉയർന്ന സാമൂഹ്യ നിലവാരവും നേടിയത് സമാജോദ്ധാരകരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായാണ്. അവര്‍ ഉഴുതു മറിച്ച മണ്ണിൽ നിന്ന് കൊയ്തെടുക്കാൻ താങ്കളുടെ പാർട്ടിക്ക് അവസരം കിട്ടിയെന്നത് സത്യമാണ്. അവിടെ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാൻ ആയിട്ടില്ല. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ കൂടുതലായി ഒന്നും നേടിത്തരാൻ ഇവിടം ഭരിച്ച ആർക്കും സാധിച്ചിട്ടില്ല.

1956 മുതൽ മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ ഏത് മേഖലയിലാണ് മുന്നോട്ട് കൊണ്ടു പോയതെന്ന് നിങ്ങൾ പറയണം. ഇവിടുത്തെ അദ്ധ്വാന ശീലരായ ജനങ്ങൾ കടൽ കടന്ന് എല്ലുമുറിയെ പണിയെടുത്ത് അയയ്ക്കുന്ന വിദേശനാണ്യത്തിന്‍റെ പിൻബലത്തിൽ ഗീർവാണം മുഴക്കുന്നതാണോ കേരളാ വികസനം? ആകെയുള്ള വരുമാന മാർഗ്ഗമായ മദ്യം വിറ്റും ലോട്ടറി വിറ്റും കിട്ടുന്ന പണം കടം വീട്ടാൻ പോലും തികയാറുണ്ടോയെന്ന് ധനകാര്യ മന്ത്രിയോട് സമയം കിട്ടുമ്പോൾ ചോദിക്കണം. അന്യസംസ്ഥാന ലോറികള്‍ ചെക് പോസ്റ്റിൽ കുടുങ്ങി 2 ദിവസം വൈകിയാൽ മലയാളിയുടെ അടുപ്പ് പുകയുമോയെന്ന് മുഖ്യമന്ത്രി പറയണം. ഉപ്പു മുതൽ കർപ്പൂരം വരെ കിട്ടാൻ തമിഴന്‍റേയും തെലുങ്കന്‍റേയും ഔദാര്യത്തിന് കാക്കേണ്ട മലയാളിയെ സൃഷ്ടിച്ചതാണ് രണ്ടു മുന്നണികളുടേയും ഇത്രനാളത്തെ ഭരണ മികവ്. ഗൾഫ് പണം ഉള്ളതു കൊണ്ട് മലയാളി പട്ടിണി കൂടാതെ കഴിയുന്നു എന്നതല്ലേ സ്ഥിതി.

നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയിൽ കേരളത്തെ മാതൃകയാക്കാൻ താങ്കൾ ശ്രമം തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. വൈകി ഉദിച്ച ഈ വിവേകത്തിന് ഞാൻ നന്ദി പറയുന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു സംരംഭം തുടങ്ങാൻ വരുന്നവനെ ബൂർഷ്വായെന്ന് മുദ്ര കുത്തി, നോക്കു കൂലി വാങ്ങിയും അനാവശ്യ സമരങ്ങള്‍ നടത്തിയും ഈ നാട്ടിൽ നിന്ന് കെട്ടു കെട്ടിച്ചത് താങ്കളുടെ പാർട്ടിയിലെ സഹപ്രവർത്തകരാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ ദി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 അല്ല വേണ്ടത് താങ്കളുടെ പാർട്ടിയുടെ മനോഭാവം മാറിയാൽ മാത്രം മതിയാകും. നീതി ആയോഗ് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് വ്യവസായ സംരംഭങ്ങൾക്ക് അനുമതി ലഭിക്കുന്ന കാര്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിലാണ് കേരളം. കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ചത് താങ്കളുടെ മുന്നണിയും പ്രതിപക്ഷ മുന്നണിയും ചേർന്നാണെന്ന കാര്യത്തിൽ അങ്ങേക്കും തർക്കമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യവസായ അനുമതി 9 ദിവസം കൊണ്ട് കിട്ടുമ്പോൾ താങ്കൾ ഭരിക്കുന്ന കേരളത്തിൽ അതിനെടുക്കുന്ന സമയം 214 ദിവസമാണ്.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിദേശങ്ങളിൽ പോലും അറിയപ്പെടുന്ന നമ്മുടെ കേരളത്തെ വിനോദ സഞ്ചാരികൾ കൈയ്യൊഴിഞ്ഞ വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നത് താങ്കൾ ശ്രദ്ധിച്ചിരിക്കുമല്ലോ? ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവിന്‍റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ്. വിദേശ ടൂറിസ്റ്റുകളുടെ വരവിന്‍റെ കാര്യത്തിൽ കേരളം ഏഴാമതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ ആദ്യ പത്തിൽ പോലും കേരളമില്ല. മലയാളിക്ക് ഈ നാണക്കേട് സമ്മാനിച്ചതും നിങ്ങളൊക്കെ തന്നെയാണ്. അല്ലാതെ ബിജെപി നേതാക്കളല്ല.

കൊട്ടിഘോഷിച്ച കേരളാ മോഡൽ ആരോഗ്യ മേഖല ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. അഞ്ചാംപനി മരണത്തിൽ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനം ഈ കൊച്ച് കേരളത്തിനാണ്. ഡെങ്കിപ്പനി ബാധയുടെ കാര്യത്തിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനവും കേരളത്തിന് വാങ്ങിക്കൊടുക്കാൻ നിങ്ങളുടെയൊക്കെ ഭരണത്തിനായിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ഡെങ്കിപ്പനി മരണം കേരളത്തിലാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ സീസണിൽ മാത്രം ആയിരത്തോളം പനി മരണം കേരളത്തിൽ ഉണ്ടായതും അങ്ങ് മറക്കാനിടയില്ല. ഇക്കാര്യത്തിലെങ്ങും യോഗി ആദിത്യനാഥിന്‍റെ ഉത്തർപ്രദേശ് ഇല്ലെന്നും അങ്ങയെ ഓർമ്മിപ്പിക്കട്ടെ.
ഭക്ഷണം, മികച്ച വിദ്യാഭ്യാസം, തൊഴിൽ, സംരഭകത്വം തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്ന ഗതികേട് മലയാളിക്കല്ലാതെ രാജ്യത്തെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടോ?

തൊഴിലില്ലായ്മ, ഭക്ഷ്യോത്പന്ന ദൗർലഭ്യം, പാർപ്പിട ലഭ്യത, മാലിന്യ പ്രശ്നം, ശുദ്ധജല ലഭ്യത, പട്ടിണി മരണം സംഭവിക്കുന്ന ആദിവാസി മേഖല, പരിസ്ഥിതി നശീകരണം ഇങ്ങനെ പറയാൻ തുടങ്ങിയാൽ കേരളം പിന്നോട്ട് പോയ മേഖലകൾ നിരധിയുണ്ട്. ശരിയാണ് കേരളം പലതിലും മുൻപന്തിയിലായിരുന്നു. എന്നാൽ ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ പിന്നോട്ടടിച്ചിട്ടേ ഉള്ളൂ. ഗതകാല പ്രൗഢി അയവിറക്കി ജീവിക്കലല്ല ഒരു നല്ല ഭരണാധികാരിയുടെ ലക്ഷ്യം. മികച്ച അടിത്തറ കിട്ടിയിട്ടും അത് മുതലാക്കാതെ നാടിനെ കട്ടുമുടിച്ചവരെന്നാകും താങ്കൾ ഉൾപ്പടെയുള്ള ഭരണാധികാരികളെ വരും തലമുറ വിലയിരുത്താൻ പോകുന്നത്. ഇതൊക്കെ കേരളത്തിന്‍റെ പച്ചയായ യാഥാർത്ഥ്യം മാത്രമാണ്. ഇത് വിളിച്ചു പറയുന്നവരല്ല കേരളത്തിന്‍റെ ശത്രുക്കൾ. അതിന് കാരണക്കാരായവരാണ്. മലയാളികളെ ഇത്ര നാളും വഞ്ചിച്ച് നേതാക്കൾ ചമഞ്ഞു നടക്കുന്ന താങ്കളേപ്പോലുള്ളവരാണ്?.

സ്വന്തം ഭരണത്തിൻ കീഴിൽ എല്ലാവർക്കും സുരക്ഷ ഒരുക്കാനാകാത്ത ഒരു മുഖ്യമന്ത്രി മലയാളിക്ക് അപമാനം തന്നെയാണ്. ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരുടെ ജീവനെപ്പറ്റി ആ പാർട്ടിയുടെ നേതാക്കൾ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികം മാത്രമാണ്. പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ ജനാധിപത്യപരമായ ഏതൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാമോ അതെല്ലാം ബിജെപി ഇനിയും സ്വീകരിക്കും. അതിൽ പരിഭവിക്കുകയല്ല വേണ്ടത്. സ്വന്തം കടമ നിർവഹിക്കുകയാണ് ചെയ്യേണ്ടത്. ബിജെപി നേതാക്കൾ ആരുടേയോ കണ്ണു ചൂഴ്നെന്നെടുക്കുമെന്നും തലവെട്ടുമെന്നും പറഞ്ഞതായി താങ്കൾ പ്രസ്താവിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡേ എന്താണ് പറഞ്ഞതെന്ന് അങ്ങേക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. 

ബിജെപി പ്രവർത്തകരെ കൊല്ലുന്ന പ്രവർത്തി തുടർന്നാൽ കണ്ണ് ചൂഴ്ന്നെടുക്കേണ്ടി വരുമെന്നാണ് അവർ പറഞ്ഞത്. ആ സാഹചര്യം കേരളത്തിൽ ഉണ്ടോയെന്ന് പറയേണ്ടത് താങ്കളാണ്. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കേരളത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിയുടെ കണ്ണ് ചൂഴ്ന്നെടുത്ത പ്രസ്ഥാനം താങ്കളുടേതാണ്. ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ എബിവിപി നേതാവായിരുന്ന സനൂപ് എന്ന ചെറുപ്പക്കാരനെ ഒറ്റക്കണ്ണനാക്കിയത് എസ്എഫ്ഐ എന്ന ഭീകര സംഘടനയാണ്. കല്ലെറിഞ്ഞും ചുട്ടും കൊത്തിനുറുക്കിയുമൊക്കെ എതിരാളികളെ കൊന്നു തള്ളിയ പാരമ്പര്യമുള്ള താങ്കളും താങ്കളുടെ പാർട്ടിയും ഇപ്പോൾ സമാധാനത്തേപ്പറ്റി സംസാരിക്കുന്നു എന്നത് തന്നെ യാത്രയുടെ വിജയമാണ്.

സമാധാന ശ്രമങ്ങളെപ്പറ്റി താങ്കൾ വാചാലമായി പറഞ്ഞിരിക്കുന്നുണ്ടല്ലോ? സമാധാന ശ്രമങ്ങൾ തുടങ്ങിയതിന് ശേഷം മാത്രം 5 ബിജെപി പ്രവർത്തകരെയാണ് താങ്കളുടെ പാർട്ടിക്കാർ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. അതേപ്പറ്റി എന്താണ് താങ്കൾക്ക് പറയാനുള്ളത്? ജനരക്ഷാ യാത്ര സമാധാനപരമായി തീർന്നത് താങ്കളുടെ എന്തോ മഹത്വം കൊണ്ടാണെന്ന് കരുതരുത്. ബിജെപി പ്രവർത്തകരുടെ ത്യാഗവും വിട്ടുവീഴ്ചാ മനോഭാവവും മാത്രമാണ് ജനരക്ഷായാത്ര സമാധാനപരമായി അവസാനിക്കാൻ കാരണം. ജനരക്ഷായാത്രയ്ക്കായി സ്ഥാപിച്ച പ്രചരണ ബോർഡുകൾ വ്യാപകമായി കേരളത്തിൽ നശിപ്പിക്കപ്പെട്ട കാര്യം പൊലീസ് താങ്കളെ അറിയിച്ചിട്ടുണ്ടാകുമല്ലോ? ഇക്കാര്യത്തെപ്പറ്റി ഡിജിപിയോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.

യാത്ര കണ്ണൂർ വിട്ടതോടെ പലയിടത്തും ബിജെപി പ്രവർത്തകർ അക്രമിക്കപ്പെട്ടു. യാത്ര പാലക്കാട് എത്തിയപ്പോൾ തലശ്ശേരി പൊന്ന്യം പാലത്തിന് സമീപം ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ കെ എം സുധീഷിനെ ഓട്ടോറിക്ഷയിൽ നിന്ന് വിളിച്ചിറക്കി ഇരു കാലുകളും വെട്ടി പരുക്കേൽപ്പിച്ചു. ജനരക്ഷായാത്ര മലപ്പുറത്ത് എത്തിയപ്പോൾ കണ്ണൂർ പത്തായക്കുന്നിലുള്ള ബിജെപിയുടെ പാട്യം പഞ്ചായത്ത് ഓഫീസ് ബോംബെറിഞ്ഞ് തകർത്താണ് സിപിഎം പ്രതികാരം വീട്ടിയത്. പാനൂർ കൈവേലിക്കൽ സിപിഎം ജാഥയ്ക്ക് നേരെ ബിജെപി പ്രവർത്തകർ ബോംബെറിഞ്ഞെന്ന വ്യാജ പ്രചരണം നടത്തിയും പ്രദേശത്ത് സിപിഎം അക്രമം അഴിച്ചു വിട്ടു. 

യാത്ര കൊല്ലത്തെത്തിയപ്പോൾ ആർഎസ്എസ് കണ്ണൂർ മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹ് പി നിധീഷിനെ മാരകമായി വെട്ടി പരുക്കേൽപ്പിച്ചാണ് സിപിഎം അടക്കി വെച്ച അസഹിഷ്ണുത പുറത്തെടുത്തത്. കുണ്ടറ പേരയത്തും ജാഥ കഴിഞ്ഞ മടങ്ങിപ്പോയ സ്ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായി. യാത്ര കഴിഞ്ഞ് മടങ്ങിപ്പോയ പ്രവർത്തകർ സഞ്ചരിച്ച ബസുകൾക്ക് നേരെ കാസർകോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി കല്ലേറുണ്ടായതും താങ്കൾ അറിഞ്ഞിട്ടുണ്ടാവും. എന്നിട്ടും യാത്രയെ സിപിഎം സഹിഷ്ണുതയോടെ നേരിട്ടു എന്ന താങ്കളുടെ പ്രസ്താവന തികഞ്ഞ അവജ്ഞയോടെ മാത്രമേ വായിക്കാൻ കഴിഞ്ഞുള്ളൂ.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കുകയാണ്. കേന്ദ്രഫണ്ടും നികുതി വിഹിതവും കേന്ദ്ര സർക്കാരിന്‍റെ ഔദാര്യമല്ലെന്ന് സമ്മതിക്കുന്നു. പക്ഷേ അത് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഉയർന്ന തോതിൽ കിട്ടുന്നത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിന്‍റെ ഫലം തന്നെയാണ്. അതു കൊണ്ടാണല്ലോ വികസന കാര്യത്തിൽ നേരത്തെ 8 മന്ത്രിമാർ ഉണ്ടായിരുന്ന സമയത്ത് കിട്ടിയതിനേക്കാൾ പരിഗണന ഇപ്പോൾ കേരളത്തിന് കിട്ടുന്നുണ്ടെന്ന് താങ്കള്‍ക്കും സഹമന്ത്രിമാര്‍ക്കും പറയേണ്ടി വന്നത്. വികസന കാര്യത്തെപ്പറ്റി സംവാദത്തിന് ബിജെപി എപ്പോഴും തയ്യാറാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
സ്നേഹത്തോടെ,
കുമ്മനം രാജശേഖരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankerala newsopen letterkerala cmmalayalam newsBJPBJP
News Summary - BJP State President Kummanam Rajasekharan Open Letter to Kerala CM Pinarayi Vijayan -Kerala News
Next Story