Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹലാൽ ഭക്ഷണത്തെ...

ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചതിന്​ പിന്നാലെ സന്ദീപ്​ വാര്യറുടെ വീട്ടിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയതായി പരാതി

text_fields
bookmark_border
ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചതിന്​ പിന്നാലെ സന്ദീപ്​ വാര്യറുടെ വീട്ടിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയതായി പരാതി
cancel

ഹലാൽ ഭക്ഷണത്തിനെതിരെ സംഘ്​പരിവാർ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ വ്യത്യസ്​ത അഭിപ്രായവുമായി രംഗത്തു വന്നിരുന്നു. ഭക്ഷണത്തിൽ മതം കലർത്തുന്നത്​ ശരിയല്ല എന്നായിരുന്നു ഈ വിഷയത്തിൽ സന്ദീപിന്‍റെ നിലപാട്​. ഹലാൽ വിഷയം പ്രചാരണായുധം ആക്കാൻ ഉദ്ദേശിച്ച ബി.ജെ.പി സന്ദീപിന്‍റെ വാദത്തെ തള്ളിക്കളയുകയും ചെയ്​തിരുന്നു.

സന്ദീപിന്‍റെ സമൂഹ മാധ്യമ കുറിപ്പിനെതിരെ സംഘ്​ പരിവാർ പ്രവർത്തകർ തന്നെ രംഗത്തു വരികയും ചെയ്​തിരുന്നു. ഇതിനിടെയാണ്​ വീടിന്​ നേരെ അജ്ഞാതരുടെ ആക്രമണവും റിപ്പോർട്ട്​ ചെയ്യപ്പെട്ടിരിക്കുന്നത്​. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അജ്ഞാതൻ അതിക്രമിച്ച് കയറിയതായാണ്​ പരാതി. പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദ്യശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സന്ദീപ് വാര്യരുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നാട്ടുകൽ പൊലീസിൽ പരാതി നൽകി. ഹലാൽ ഭക്ഷണ വിവാദത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടുമായാണ് സന്ദീപ് വാര്യര്‍ രംഗത്തു വന്നത്.

ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് എന്നാണ് സന്ദീപ് ഫെയ്സ് ബുക്കില്‍ കുറിച്ചത്. പാര്‍ട്ടി വക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്ന് ഈ മാസം രണ്ടാം തീയതി തിരുവനന്തപുരത്ത് ചേർന്ന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയുള്ള സന്ദീപിന്‍റെ അഭിപ്രായ പ്രകടനത്തില്‍ ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചതുപോലെ ഹോട്ടലുകളിലെ ഹലാൽ ബോർഡുകളും നിരോധിക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പിയുടെ ഹലാല്‍ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളി രംഗത്തുവന്ന ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ നിലപാട്​ സ​ുധീർ തള്ളിക്കളയുകയും ചെയ്​തിരുന്നു. പാര്‍ട്ടി നിലപാടിനെതിരെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന്​ സുധീർ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‍ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു. ഇതിന് മതത്തിന്‍റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ശ്രമിക്കുകയാണ്. ആ തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സന്ദീപ്​ വാര്യറുടെ പ്രസ്​താവന തള്ളിക്കളഞ്ഞതിന്​ പിന്നാലെയാണ്​ വീടിന്​ നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep WarrierBJP state spokespersonhouse trespassed
News Summary - BJP state spokesperson Sandeep Warrier's house was trespassed by an unidentified person
Next Story