ബി.ജെ.പി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു- എസ്.ഡി.പി.ഐ
text_fieldsകോഴിക്കോട്: സാമ്പ്രദായിക പാർട്ടികൾ ബി.ജെ.പി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ തടയുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി പി. അബ്ദുൽ മജീദ് ഫൈസി. എസ്ഡിപിഐ 2024-27 കാലയളവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണ്.
ബി ജെ പിക്ക് വളരാനുള്ള അടിത്തറ ഉണ്ടാക്കിക്കൊടുക്കുന്നത് കേരളത്തിലെ ഇടതു-വലതു മുന്നണികളാണ്. ബി. ജെ.പി യുടെ വോട്ട് വർധനയ്ക്ക് ഉത്തരവാദികൾ സാമ്പ്രദായിക പാർട്ടികളും മുന്നണികളുമാണ്. ബി.ജെ.പി പേടി പ്രചരിപ്പിച്ചാൽ ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കാമെന്ന വ്യാമോഹമാണ്. ഇത് രാഷ്ട്രീയ വഞ്ചനയാണ്. ജനവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നവരെ രാഷ്ട്രീയമായി പരാജയപ്പെടുത്താനുള്ള ഇഛാശക്തി ജനങ്ങൾക്കുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം അതിൻറെ സൂചികയാണ്.
സാമ്പ്രദായിക പാർട്ടികളുടെ രാഷ്ട്രീയ അടിമത്തത്തിൽ നിന്നു ജനങ്ങളെ മോചിപ്പിക്കണം. സാധാരണ ജനങ്ങളെ ചൂഷണം ചെയുന്ന തിന് അവർ ദരിദ്രരായി നിലനിൽക്കണമെന്നത് സാമ്പ്രദായിക പാർട്ടികളുടെ താൽപ്പര്യമാണ്. അടിസ്ഥാന ഭൂരിപക്ഷം രാഷ്ട്രീയ മുന്നേറ്റം നടത്തുന്നത് അവർ അംഗീകരിക്കില്ല. രാജ്യം നേരിടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങൾ സംബോധന ചെയ്യാൻ സാമ്പ്രദായിക പാർട്ടികൾ തയ്യാറാവുന്നില്ല.
ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് സാമൂഹിക ജനാധിപത്യത്തിലധിഷ്ഠിതമായ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാൻ എസ്ഡിപിഐ പ്രതിഞ്ജാബദ്ധമാണെന്നും പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. ജില്ലാ പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി.പി.എ ലത്തീഫ്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, എസ്.ടി. യു സംസ്ഥാന പ്രസിഡൻ്റ് എ. വാസു, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി. അബ്ദുൽ ഹമീദ്, തുളസീധരൻ പളളിക്കൽ, ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ, ജില്ലാ സെക്രട്ടറി കെ. ഷെമീർ, ജില്ലാ ട്രഷറർ ടി.കെ. അബ്ദുൽ അസീസ്, വിമൻ ഇന്ത്യാ മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി കെ.കെ. ഫൗസിയ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.