Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പ് തോൽവി...

ഉപതെരഞ്ഞെടുപ്പ് തോൽവി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു; ശോഭാസുരേന്ദ്രനും എൻ. ശിവരാജനും പ്രതിക്കൂട്ടിൽ

text_fields
bookmark_border
sobha surendran, n sivarajan
cancel

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ,എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തിയാണ് റിപ്പോർട്ട്. സി. കൃഷ്ണകുമാർ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശോഭാ സുരേന്ദ്രനും കൗൺസിലർ സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടിലു​ള്ളതായാണ് സൂചന. നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു. പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗൺസിലർമാർ എതിർത്തു.

കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തി. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്ന് റിപ്പോർട്ടിൽ പറയുന്നു. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശം. പരസ്യപ്രസ്താവനയുടെ പേരിൽ എൻ. ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഏഴ്,എട്ട് തീയതികളിൽ എറണാകുളത്ത് തെരഞ്ഞെടുപ്പ് അവലോകനയോഗം നടക്കും.

ഇതിനിടെ, കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭ ​കൗൺസിൽ യോഗത്തിൽ ഉപതെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ സി.പി.എം-ബി.ജെ.പി വാക്പോരും കയ്യാങ്കളിയും നടന്നിരുന്നു. ബി.ജെ.പിയുടെ വോട്ട് എവിടെ പോയെന്ന് സി.പി.എം കൗൺസിലർമാർ ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയത്.

ബി.ജെ.പിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സി.പി.എമ്മിന് എന്ത് അധികാരമെന്ന് ബി.ജെ.പി അംഗങ്ങൾ തിരിച്ചടിച്ചു. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ തർക്കം രൂക്ഷമായതിന് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബഹളം വെച്ചു.

നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ കൗൺസിൽ അംഗങ്ങളോട് സീറ്റിലേക്ക് മടങ്ങാനും സീറ്റിൽ ഇരിക്കാനും ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി-സി.പി.എം അംഗങ്ങൾ വഴങ്ങിയില്ല. ഇതിനിടെ, സി.പി.എം അംഗങ്ങളും അധ്യക്ഷയും തമ്മിൽ വാക്കുതർക്കവും ഉണ്ടായി.

എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും അധ്യക്ഷ യോഗത്തെ അറിയിച്ചു. കൂടാതെ, യു.ഡി.എഫ് കൗൺസിലർമാരെ ചർച്ചക്ക് വിളിക്കുന്നത് സംബന്ധിച്ചും തർക്കമുണ്ടായി. സി.പി.എം അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതിന് പിന്നാലെ ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലെത്തി.

ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം എൻ. ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഏറെ നേരത്തെ സംഘർഷത്തിന് ശേഷമാണ് മൂന്നു വിഭാഗം അംഗങ്ങളെ ശാന്തരാക്കിയത്.

അതേസമയം, പാലാക്കട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരെ വീണ്ടും കോൺഗ്രസിലേക്ക് ക്ഷണിച്ച് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ രംഗത്തെത്തി. കോൺഗ്രസ് ആശയം അംഗീകരിച്ചെത്തിയാൽ സ്വീകരിക്കാൻ തയാറാണെന്ന് തങ്കപ്പൻ പറഞ്ഞു. ബി.ജെ.പിയിലെയും സി.പി.എമ്മിലെയും ഭിന്നത കോൺഗ്രസിന് ഗുണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി കൗൺസിലർമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിലാണ് ഉന്നയിച്ചത്. സന്ദീപ് വാര്യർ പറഞ്ഞ പോലെ ബി.ജെ.പി ആശയവുമായി മുന്നോട്ടു പോകാനില്ലെന്ന് കൗൺസിലർമാർ പുറത്തു പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു സാഹചര്യമുണ്ടായാൽ തുടർനടപടി സ്വീകരിക്കുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.

അതേസമയം, അതൃപ്തരായ കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത വി.കെ ശ്രീകണ്ഠൻ എം.പിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് എൻ. ശിവരാജൻ രംഗത്തെത്തി. ബി.ജെ.പി കൗൺസിലർമാരെ പ്രതീക്ഷിച്ച് ശ്രീകണ്ഠൻ പനിക്കേണ്ടെന്ന് എൻ. ശിവരാജൻ പറഞ്ഞു.

ആർ.എസ്.എസ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് പാർട്ടി കൗൺസിലർമാർ. ആര്‍.എസ്.എസുകാരെ സ്വീകരിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറാണോയെന്നും ശിവരാജൻ ചോദിച്ചു. വേണമെങ്കില്‍ ശ്രീകണ്ഠനും ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്നും ശിവരാജൻ വ്യക്തമാക്കി. അതേസമയം, പാലക്കാട്ടെ കനത്ത തോൽവിയിൽ പ്രതികരിക്കുന്നതിൽ നിന്ന് നഗരസഭയിലെ കൗൺസിലർമാരെ ബി.ജെ.പി നേതൃത്വം വിലക്കി. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ അടക്കമുള്ളവരെയാണ് വിലക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpPalakkad by election
News Summary - BJP submits report to central leadership on by-election defeat
Next Story