കുമ്മനത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി സംഘം ശബരിമല സന്ദർശിക്കും
text_fieldsതിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തർ നേരിടുന്ന ദുരിതം മനസിലാക്കാൻ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 14ന് ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ജി. രാമൻ നായർ, പത്തനംതിട്ട ജില്ല അധ്യക്ഷൻ വി.എ. സൂരജ്, കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.
പരമദ്രോഹമാണ് പിണറായി വിജയൻ സർക്കാർ ശബരിമല തീർത്ഥാടകരോട് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കാൻ സർക്കാരിന് മടിയില്ലെങ്കിലും അവഗണന തുടരുകയാണ്. തീർത്ഥാടനം പൂർണമായും അട്ടിമറിക്കപ്പെട്ടു. നരകയാതനയാണ് അനുഭവിക്കേണ്ടി വരുന്നത്. ദേവസ്വംബോർഡ് പൂർണപരാജയമാണ്.
കുടിവെള്ളം പോലും കിട്ടാതെ കുഞ്ഞു മാളികപ്പുറം കുഴഞ്ഞുവീണ് മരിക്കുന്ന സാഹചര്യം പോലുമുണ്ടായി. കുടിവെള്ളം കിട്ടാതെ തീർത്ഥാടകർ വലയുന്നത് അധികൃതരുടെ മുനുഷ്യത്വരഹിതമായ സമീപനം കാരണമാണ്. പരിചയമില്ലാത്ത പൊലീസുകാരെ പതിനെട്ടാംപടിയിൽ നിയമിച്ചത് തിരക്ക് വർധിക്കാൻ കാരണമായി. മിനുട്ടിൽ 80 മുതൽ 100 വരെ അയ്യപ്പൻമാരെ പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 40 പേരെയൊക്കെയാണ് കയറ്റുന്നത്. പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരമാണ് യഥാർത്ഥ പ്രശ്നത്തിന് കാരണം -സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.