പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്താൻ ബി.ജെ.പി ശ്രമം -എ.കെ. ബാലൻ
text_fieldsകോഴിക്കോട്: പ്രതിഷേധിക്കുന്നവരെ ഭീഷണിയിലൂടെ ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. പ്രതിഷേധത്തിൽ പങ്കെടുത്ത സിനിമ താരങ്ങൾക്കെതിരെ ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ചലച്ചിത്രപ്രവര്‍ത്തകര്‍ രാജ്യസ്നേഹമില്ലാത്തവരാണെന്ന് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവരല്ല, മാപ്പ് എഴുതി കൊടുത്തു സ്വാതന്ത്ര്യസമരം ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികളെന്നും മന്ത്രി ബാലൻ പറഞ്ഞു.
ഗവർണറെ ബഹിഷ്കരിക്കാനോ പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കാനോ തീരുമാനിച്ചിട്ടില്ല. ഭരണഘടനാ പദവിയിലുള്ള ആളുകൾ എന്ത് പറയണമെന്ന കാര്യം അവർ തന്നെയാണ് തീരുമാനിക്കേണ്ടത്.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ സമരത്തെ തള്ളിപ്പറഞ്ഞ മുല്ലപ്പള്ളിയുടെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിന് എതിരാണ്. മുസ്ലിം ലീഗിനും കോൺഗ്രസിനും മുല്ലപ്പള്ളിയുടെ അഭിപ്രായമല്ല. മുല്ലപ്പള്ളി എന്തുകൊണ്ട് ഇത്തരം പ്രസ്താവന നടത്തുന്നുവെന്നത് വരുംദിവസങ്ങളിൽ പുറത്തുവരും.
പൗരത്വ നിയമ വിരുദ്ധ സമരത്തെ മുതലെടുക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചേക്കാം. എന്നാൽ, കോൺഗ്രസ് അങ്ങനെ ശ്രമിക്കരുതെന്നും മന്ത്രി ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.