മതന്യൂനപക്ഷങ്ങളുടെ ആഘോഷങ്ങളിൽ സജീവമാകാൻ ബി.ജെ.പി
text_fieldsപന്തളം: ഉത്തരേന്ത്യൻ മോഡൽ പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി മതന്യൂനപക്ഷങ്ങളുടെ ആഘോഷങ്ങളിൽ സജീവമാകാൻ നീക്കം. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന കമ്മിറ്റിയാണ് പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകിയത്. മുസ്ലിം, ക്രിസ്ത്യൻ മതാഘോഷ പരിപാടികളിൽ സജീവമാകും. മതന്യൂനപക്ഷങ്ങളുടെ വീടുവീടാന്തരം കയറി പ്രചാരണം നടത്തും.
ഈമാസം 20 മുതൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി എല്ലാ ക്രൈസ്തവ വീടുകളും സന്ദർശിച്ച് ആശംസകൾ കൈമാറും. ഇതോടൊപ്പം കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കും. മുസ്ലിം സമുദായത്തിന്റെ ആഘോഷങ്ങളിലും ഇത്തരം ലഘുലേഖകളുമായി വീടുവീടാന്തരം കയറി പിന്തുണ ഉറപ്പിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആഘോഷങ്ങളിൽ ബി.ജെ.പി സജീവമായിരുന്നു എന്നാണ് പാർട്ടി കേന്ദ്രഘടകത്തിന്‍റെ വിശദീകരണം. ഇത്തരം ആഘോഷങ്ങളിൽ ബി.ജെ.പി ഇടപെട്ടതാണ് വീണ്ടും ഗുണമായത്. കേരളത്തിലെ മതന്യൂനപക്ഷങ്ങൾ ബി.ജെ.പിയിൽനിന്ന് അകന്നിരിക്കുകയാണെന്നും ഇവരെ പാർട്ടിക്കൊപ്പം നിർത്തണമെന്നും സംസ്ഥാന ഘടകം താഴെത്തട്ടിലേക്ക് നൽകിയ സർക്കുലറുകളിൽ പറയുന്നത്.
വീട് സന്ദർശനത്തിന്റെ ഭാഗമായി മതപുരോഹിതരുമായും മതനേതാക്കന്മാരുമായും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ പന്തളത്തെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ജില്ല നേതൃത്വം പ്രാദേശിക തലങ്ങളിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.