മുനമ്പം വഴി സ്വാധീനം കൂട്ടാൻ ബി.ജെ.പി
text_fieldsകോട്ടയം: മുനമ്പം വിഷയം ന്യൂനപക്ഷങ്ങൾക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ബി.ജെ.പി. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും മോൻസ് ജോസഫ് എം.എൽ.എയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കോട്ടയത്തെ ഒരു സ്വതന്ത്ര എം.എൽ.എ കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടെന്ന വിവാദത്തിന് പിന്നാലെയാണ് ശ്രീധരൻപിള്ള- മോൻസ് ജോസഫ് ചർച്ച.
കടുത്തുരുത്തി ഫൊറോന പള്ളി സന്ദർശിക്കാനെത്തിയപ്പോഴാണ് പിള്ള അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം മോൻസ് ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്. പള്ളി വികാരി ഫാ.മാത്യു ചന്ദ്രൻകുന്നേലും ഒപ്പമുണ്ടായിരുന്നു. ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പമുള്ള മോൻസ് ജോസഫ് വഴി മധ്യകേരളത്തിൽ സ്വാധീനമുണ്ടാക്കാനാണ് ബി.ജെ.പി നീക്കമെന്നാണ് കരുതുന്നത്.
ഒരു സ്വതന്ത്ര എം.എൽ.എയെ ഒപ്പം കൂട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് മധ്യകേരളത്തിൽ രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള നീക്കവും പാർട്ടി നടത്തുന്നുണ്ട്. മുനമ്പം വിഷയത്തിൽ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ഒരു പരിധി വരെ നേടാനായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. അതിലൂടെ ഈ വിഭാഗത്തിനിടയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ക്രിസ്മസിനുമുമ്പ് സമ്മാനപ്പൊതികളുമായി ക്രൈസ്തവ ഭവന സന്ദർശനം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.