ആറു മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ ബി.ജെ.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജയസാധ്യതയുള്ള ആറു ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ നിർദേശം. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിലുള്ള അസംതൃപ്തിയും ദേശീയ നേതൃത്വം പ്രകടിപ്പിച്ചു. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീടുകയറി പ്രചാരണമുൾപ്പെടെ നടത്തണമെന്നും തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ദേശീയ അധ്യക്ഷൻ നിർദേശിച്ചു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനോപകാര പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ കഴിയുന്നില്ലെന്ന വിമർശനമുണ്ട്. ബി.ജെ.പി ഓഫിസുകളിൽ ജനങ്ങളെ സഹായിക്കാനും കേന്ദ്ര പദ്ധതികൾ അറിയിക്കാനും ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കണം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട് സീറ്റുകളിൽ ജയസാധ്യതയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ആ മണ്ഡലങ്ങൾ ലക്ഷ്യമിട്ടുള്ള കർമപദ്ധതി തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസിൽ അസംതൃപ്തനായ ശശിതരൂർ വീണ്ടും തിരുവനന്തപുരത്ത് മത്സരിച്ചില്ലെങ്കിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിർദേശവും നേതൃത്വം നൽകി. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്ന പദ്ധതികൾ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.