വ്യക്തിഗത ഡേറ്റ പ്രചാരണത്തിന് ഉപയോഗിച്ച് ബി.ജെ.പി
text_fieldsകാസർകോട്: വോട്ടർമാർ ഗുണഭോക്തൃ ആനുകൂല്യത്തിനുവേണ്ടി നൽകിയ അപേക്ഷകളിലെ ഡേറ്റ ഉപയോഗിച്ച് വോട്ടുപിടിക്കാൻ ബി.ജെ.പി തന്ത്രം. കേന്ദ്ര പദ്ധതികൾക്കായി നൽകിയ അപേക്ഷകളിലെ വ്യക്തിഗത ഫോൺ നമ്പറുകൾ ഉപയോഗിച്ച് ബി.ജെ.പി ഐ.ടി സെല്ലിൽനിന്ന് ഗുണഭോക്താക്കളെ നേരിട്ടുവിളിച്ച് അവർക്ക് ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുകയും കൂടുതൽ ഓഫർ ചെയ്യുകയുമാണ്.
നരേന്ദ്ര മോദിയെക്കുറിച്ചുള്ള അഭിപ്രായവും ചോദിച്ചതായി പറയുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ഫോൺ നമ്പറുകൾ മുതൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സോളാർ പദ്ധതിക്ക് അപേക്ഷിച്ചവരുടെ നമ്പറുകൾവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണറിവ്. കേരളത്തിൽനിന്ന് ഒരു കോടിയിൽപരം അപേക്ഷകരാണ് സോളാർ പദ്ധതിയിൽ അപേക്ഷിച്ചിരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുമെന്ന ഉറപ്പുവരെ നൽകുന്നുവെന്ന ആക്ഷേപവുമുണ്ട്. അതിനു പുറമെ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ മുഖേന 6000 രൂപ ലഭിക്കുന്നവർ, ഗരീബ് കല്യാൺ യോജന പ്രകാരം റേഷൻ അരി വാങ്ങുന്നവർ, 500 രൂപ ലഭിക്കുന്ന ജൻധൻ അക്കൗണ്ടുകാർ, ഉജ്ജ്വൽ യോജനയിൽ ഗ്യാസ് സബ്സിഡി ലഭിക്കുന്നവർ, സ്വച്ഛ് ഭാരത് അഭിയാൻ ശൗചാലയം ലഭിച്ചവർ എന്നിങ്ങനെ ചെറുതും വലുതുമായ കേന്ദ്ര ആനുകൂല്യങ്ങൾ ലഭിച്ച മുഴുവൻ വോട്ടർമാരെയും ബന്ധപ്പെടുന്നുണ്ടത്രെ.
സംസ്ഥാന സർക്കാറിന്റെ റേഷൻ വാങ്ങുന്നവരെയും വെറുതേ വിടുന്നില്ലെന്നാണറിവ്. സംസ്ഥാനം മാറിമാറി ഭരിക്കുന്ന ഇരുമുന്നണികൾക്കുപോലും തോന്നാത്ത തെരഞ്ഞെടുപ്പ് തന്ത്രമാണ് സംസ്ഥാനത്ത് ഡേറ്റ ഉപയോഗിച്ച് ബി.ജെ.പി ചെയ്യുന്നത്. ബി.ജെ.പിയുടെ ഐ.ടി സെല്ലിൽ ഇതിനായി ശമ്പളം കൊടുത്ത് നിരവധി പേരെ നിയമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ഈ കണക്കുകൾ ഒന്നും തെരഞ്ഞെടുപ്പ് ചെലവിൽ വരുന്നതുമല്ല. ആരെങ്കിലും കോടതിയെ സമീപിച്ചാൽ നടപടി ഉറപ്പാണെന്ന് നിയമവിദഗ്ധരും പറയുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷവും രഹസ്യ പ്രചാരണവും രഹസ്യവാഗ്ദാനങ്ങളും തുടരുന്നപക്ഷം ചട്ടലംഘനം കൂടിയായിരിക്കും. അപേക്ഷകരുടെ ഫോൺ നമ്പറുകൾ ബി.ജെ.പിക്ക് കൈമാറി വോട്ടർമാരെ നേരിട്ട് വിളിക്കുന്നത് ചതിയും കാപട്യവുമാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം സി.എച്ച്. കുഞ്ഞമ്പു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.