കണ്ണൂരിൽ ബി.ജെ.പി വോട്ട് വർധന; ആഴത്തിൽ പരിശോധിക്കാൻ സി.പി.എം
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പിക്ക് വൻ വോട്ട് വർധന. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി 80,256 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എക്ക് ലഭിച്ചത്. പാർട്ടി കേന്ദ്രങ്ങളിലടക്കം ബി.ജെ.പി വോട്ടുകൾ ഇരട്ടിച്ച സാഹചര്യത്തിൽ ആഴത്തിൽ പരിശോധിക്കാനൊരുങ്ങി സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും മണ്ഡലത്തിലടക്കം ബി.ജെ.പി ഇരട്ടിയോളം വോട്ടുനേട്ടമുണ്ടാക്കി.
ഇത്തവണ ചുവപ്പുകോട്ടകളിലടക്കം യു.ഡി.എഫ് ജയിച്ചുകയറിയ നേട്ടം പൊതുട്രെൻഡിന്റെ ഭാഗമാണെന്ന് സി.പി.എം പറയുമ്പോൾ പാർട്ടി കേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് വോട്ട് വർധിച്ചത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടാണ് കുറഞ്ഞതെന്നും സി.പി.എമ്മിന്റെ വോട്ട് ബി.ജെ.പിയിലേക്ക് പോയെങ്കില്‍ അത് പരിശോധിക്കുമെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെ കുറിച്ച് വിശദമായ പരിശോധന നടത്തും. തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങള്‍ പഠിച്ചും ജനങ്ങൾക്കിടയിൽ പാർട്ടിക്കും സർക്കാറിനുമുണ്ടായ തെറ്റിദ്ധാരണകൾ മനസ്സിലാക്കി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 16ന് ചേരുന്ന നേതൃയോഗത്തിൽ തോൽവിയെ കുറിച്ചും ബി.ജെ.പി വോട്ടുനേട്ടത്തെ കുറിച്ചും ചർച്ച ചെയ്യും.
കണ്ണൂർ മണ്ഡലത്തിൽ സി. രഘുനാഥിനെ കളത്തിലിറക്കി എൻ.ഡി.എ നേടിയത് 1,19,876 വോട്ടുകളാണ്. 2019ൽ ബി.ജെ.പിയുടെ തലമുതിർന്ന നേതാവ് സി.കെ. പത്മനാഭൻ നേടിയ (68,509) വോട്ടിനേക്കാൾ 51,367 വോട്ടുകൾ അധികം നേടിയാണ് എൻ.ഡി.എ കരുത്തറിയിച്ചത്.
ഇടതു കോട്ടയായ പയ്യന്നൂരിലാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുവർധനയുണ്ടായത്. 9,198 വോട്ടുകൾ 2019ലെ തെരഞ്ഞെടുപ്പിനേക്കാർ അധികം ലഭിച്ചു. ഭരണവിരുദ്ധ വികാരമാണ് ഇടതുകേന്ദ്രങ്ങളിൽ വോട്ടുചോരാൻ കാരണമായി വിലയിരുത്തുന്നത്. പ്രാദേശിക ഘടകങ്ങളും വോട്ടുചോർച്ചക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.