ബി.ജെ.പി വോട്ട് എൽ.ഡി.എഫിന്; പാലക്കാട് പിരായിരിയിൽ യു.ഡി.എഫിന് പ്രസിഡന്റ് പദവി നഷ്ടമായി
text_fieldsപാലക്കാട്: പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം. ജനതാദൾ (എസ്) അംഗം സുഹറ ബഷീറാണ് 11 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന് 10 വോട്ടാണ് ലഭിച്ചത്. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് മൂന്നും സീറ്റ് വീതമാണ് ഉണ്ടായിരുന്നത്.
യു.ഡി.എഫിലെ ധാരണപ്രകാരം കോൺഗ്രസ് അംഗമായ പ്രസിഡന്റ് രാജിവെച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അവർ വോട്ടെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. യു.ഡി.എഫിൽ ആറ് സീറ്റ് കോൺഗ്രസിനും നാലെണ്ണം മുസ്‍ലിം ലീഗിനുമായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായെന്ന് യു.ഡി.എഫ് ആരോപിച്ചു.
എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തെളിവാണ് പാലക്കാട് കണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ഒരു ഭാഗത്ത് ബി.ജെ.പിക്കെതിരെ വലിയ വായിൽ സംസാരിക്കുകയും മറുഭാഗത്ത് ബി.ജെ.പിയുമായി രാജമാണിക്യം സ്‌റ്റൈലിൽ കച്ചവടം ചെയ്യുകയും ചെയ്യുന്ന കൂട്ടരാണ് സി.പി.എം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ നീക്കത്തിന്റെ സൂചനയാണ് പാലക്കാട് കണ്ടതെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.