ഒരവസരം കിട്ടിയാൽ ബി.ജെ.പി കേരളത്തിന് തീവെക്കും, അത് അനുവദിക്കരുത് -അരുന്ധതി റോയ്
text_fieldsകൊച്ചി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ പരാജയത്തിൽ അതിയായ സന്തോഷമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉറങ്ങാതെ സന്തോഷിക്കുകയായിരുന്നു. കേരളത്തിൽ ഒരവസരം കിട്ടിയാൽ ബി.ജെ.പി തീവെക്കും. അത് അനുവദിച്ചുകൊടുക്കരുത് -കൊച്ചിയിൽ യുവധാര സാഹിത്യോത്സവത്തിൽ പങ്കെടുത്തുകൊണ്ട് അരുന്ധതി റോയ് പറഞ്ഞു.
കേരളം പോലൊരു ദേശം നിങ്ങൾക്കെവിടെയും കാണാനാവില്ല. ബി.ജെ.പി സമം ആന മുട്ട. നമുക്ക് ആനയും വേണം മുട്ടയും വേണം, ബി.ജെ.പി വേണ്ട. കേരളത്തിൽ ഒരവസരം കിട്ടിയാൽ ബി.ജെ.പി തീ വെക്കും. നമുക്ക് അതനുവദിച്ചു കൊടുക്കാൻ പറ്റില്ല. കേന്ദ്രം മായ്ച്ചു കളഞ്ഞ ചരിത്രപാഠങ്ങൾ തിരിച്ചു കൊണ്ടുവരുന്ന കേരളത്തെക്കുറിച്ച് എനിക്കഭിമാനമാണ്. നമുക്ക് ഹിന്ദു-ക്രിസ്ത്യൻ- മുസ്ലിം വ്യത്യാസമില്ല.
ബി.ജെ.പിക്കെതിരെ ഒരുമിക്കണം. ദക്ഷിണേന്ത്യയിലെ വിജയവും പോരാട്ടവും ഡൽഹിയിലേക്കും പടരണം. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് നമ്മൾ. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. ഫാഷിസ്റ്റുകൾ അടിസ്ഥാനപരമായി വിഡ്ഢികളാണ്. എല്ലാത്തരത്തിലുള്ള വിവേകപൂർണമായ ഇടപെടലുകളെ അവർ എതിർക്കും.
ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾക്കെല്ലാം, പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ, ഫണ്ട് മുടക്കുന്നത് ബി.ജെ.പിയാണ്. നല്ല ജേണലിസം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശക്തരെ സമാധാനപരമായിരിക്കാൻ സഹായിക്കുന്ന ജോലിയായി മാറിയിരിക്കുന്നു വടക്കേ ഇന്ത്യയിൽ ജേണലിസം. ദക്ഷിണേന്ത്യയിൽ നമ്മൾ അത് അനുവദിച്ചു കൂടാ. യഥാർഥ മാധ്യമ ധർമം നിറവേറ്റുന്ന ദൗത്യം നിർവഹിക്കുന്നത് നവമാധ്യമങ്ങളാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. പുതിയ ഐ.ടി നിയമം ഇതിന്റെ ഭാഗമാണ്.
‘കേരള സ്‌റ്റോറി’ എന്ന സിനിമ ആരും വിശ്വസിക്കില്ല. അപഹാസ്യകരമായ പരിശ്രമമായിരുന്നു ഇത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരല്ല ഞാൻ. പക്ഷേ 32,000 സ്ത്രീകളുടെ കഥ എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നതിന് എതിരാണെന്നും അരുന്ധതി റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.