പ്രധാനമന്ത്രിയെ വരവേൽക്കാൻ വിപുല പരിപാടികളുമായി ബി.ജെ.പി
text_fieldsതൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബി.ജെ.പി. പൂരനഗരിയിൽ പൂരക്കാലവും മെഗാതിരുവാതിരയുമടക്കം പരിപാടികളാണ് ഒരുങ്ങുന്നത്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടി. വൈകിട്ട് മൂന്നിന് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം തൃശൂരിൽ എത്തും. റോഡ് മാർഗമുള്ള യാത്രയെ ‘റോഡ്ഷോ’ ആക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും ബി.ജെ.പിയും ജില്ല ഭരണകൂടവും ആരംഭിച്ചുകഴിഞ്ഞു.
ക്ഷേത്ര മൈതാനിയിൽ നായ്ക്കനാലിന് സമീപമാണ് വേദിയൊരുങ്ങുന്നത്. മഹിളസമ്മേളനത്തിൽ രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിശദീകരണം. വനിത ശാക്തീകരണ രംഗത്ത് മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ സൃഷ്ടിച്ച ചലനങ്ങൾ പ്രധാനമന്ത്രി വിശദീകരിക്കും. തൃശൂർ പൂരവുമായി ബന്ധപ്പെട്ടുയർന്ന തറവാടക വിവാദവും പ്രതിസന്ധികളിലുമടക്കം സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച വൈകീട്ട് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടന്നു. 31ന് വൈകീട്ട് അഞ്ചിന് വരയഴകും കാവ്യസ്വരവും എന്ന പരിപാടി കോർപ്പറേഷന് മുന്നിൽ നടക്കും. ജനുവരി ഒന്നിന് വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ മെഗാ തിരുവാതിര അരങ്ങേറും. രണ്ടിന് വൈകീട്ട് നടുവിലാലിൽ 101 മേളകലാകാരൻമാർ അണിനിരക്കുന്ന കേളി അവതരണവും നടക്കും. മൂന്നിന് വൈകീട്ട് മൂന്നിന് കുട്ടനെല്ലൂരിൽ നിന്ന് റോഡ് മാർഗം എത്തുന്ന പ്രധാനമന്ത്രിയെ ജനറൽ ആശുപത്രിക്ക് സമീപം സ്വീകരിക്കും. ഇവിടെ നിന്നുമാണ് റോഡ് ഷോ. സ്വരാജ് റൗണ്ടിലൂടെ നടക്കുന്ന റോഡ് ഷോ നായ്ക്കനാൽ വഴി മൈതാനത്ത് പ്രവേശിക്കും. പൊതുസമ്മേളന മൈതാനിയിൽ പുരുഷന്മാർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.
പ്രധാനമന്ത്രി ആയ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂർ നഗരത്തിൽ എത്തുന്നത്. സുരക്ഷാ മുൻകരുതലൊരുക്കുന്നതിന് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ കുട്ടനെല്ലൂർ സി. അച്ചുതമേനോൻ ഗവ.കോളജ് ഹെലിപാഡ് സന്ദർശിച്ചു. സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ, പൊലീസ്, റവന്യു, ഫയർഫോഴ്സ്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ തുടങ്ങിയവരും ജില്ല കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.