വെണ്ണക്കര ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ
text_fieldsപാലക്കാട്: ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സംഘർഷം. വെണ്ണക്കര ഹൈസ്കൂളിലെ പോളിങ് ബൂത്തിലാണ് സംഘർഷമുണ്ടായത്. ബൂത്ത് സന്ദർശനത്തിനിടെ വെണ്ണക്കരയിലെത്തിയ രാഹുൽ ആളുകളോട് വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്.
യു.ഡി.എഫ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമായതിനു പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകരും സ്ഥലത്തെത്തി. വാക്കുതർക്കം ഉന്തിലും തള്ളിലും കൈയാങ്കളിയിലുമെത്തി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസ് സംഘം പ്രവർത്തകരെ ബൂത്തിന് പുറത്താക്കി. തുടർന്ന് ഗേറ്റിന് പുറത്ത് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും രൂക്ഷമായി. വോട്ടെടുപ്പ് ദിവസം ‘കമ്യൂണിസ്റ്റ് ജനത പാർട്ടി’ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് രാഹുൽ ആരോപിച്ചു.
താൻ ഒറ്റക്കാണ് ബൂത്തിൽ കയറിയത്. കാമറ പരിശോധിച്ചാൽ ഇത് വ്യക്തമാകും. വോട്ട് ചോദിച്ചിട്ടില്ല.എൽ.ഡി.എഫിനും ബി.ജെ.പിക്കും പരാജയഭീതിയാണ്. അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് ബി.ജെ.പിയും എൽ.ഡി.എഫും ശ്രമിച്ചത്. യു.ഡി.എഫിന് കൃത്യമായ സ്വാധീനമുള്ള മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭീതിയിലാക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. ഇത് സി.പി.എം-ബി.ജെ.പി ഒത്തുകളിയാണെന്നും രാഹുൽ ആരോപിച്ചു.
എന്നാൽ, രാഹുൽ ഒറ്റക്കായിരുന്നില്ലെന്നും പ്രവർത്തകർ കൂടെയുണ്ടായിരുന്നുവെന്നും വോട്ടർമാരെ കാൻവാസ് ചെയ്യാൻ ശ്രമിച്ചെന്നും ബി.ജെ.പി-സി.പി.എം പ്രവർത്തകർ ആരോപിച്ചു. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് രാഹുൽ ബൂത്തുകളിൽ ചെന്ന് വോട്ട് ചോദിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് ബൂത്തിൽനിന്ന് പോയെങ്കിലും സി.പി.എം-ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് ഏറെനേരം തമ്പടിച്ചുനിന്നു.
വൻ പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. എന്നാൽ, പുറത്തെ സംഘർഷാവസ്ഥ വോട്ടിങ്ങിനെ ബാധിച്ചില്ല. പോളിങ് സുഗമമായി നടന്നു.
വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂർ മാത്രം അവശേഷിക്കെയാണ് വെണ്ണക്കരയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.