വിജയിച്ചത് ബി.ജെ.പിയുടെ വിശാലതന്ത്രം
text_fieldsമുംബൈ: എൻ.സി.പിയെ ‘പിളർത്തി’ അജിത്പവാർ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന- ബി.ജെ.പി സർക്കാറിന്റെ ഭാഗമാകുമ്പോൾ വിജയിക്കുന്നത് ബി.ജെ.പിയുടെ വിശാലതന്ത്രം. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാ വികാസ് അഗാഡിയേയും (എം.വി.എ) ദേശീയതലത്തിലെ പ്രതിപക്ഷ കൂട്ടായ്മയെയും ദുർബലപ്പെടുത്താനുള്ള ബി.ജെ.പി തന്ത്രം ഫലം കാണുന്നുവെന്നാണ് അജിത്പവാറിന്റെ കൂറുമാറ്റം ചൂണ്ടിക്കാട്ടുന്നത്. എം.വി.എ സഖ്യം നിലനിന്നാൽ വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പാർട്ടി ആഭ്യന്തര സർവേ വ്യക്തമാക്കുന്നത്. ഈ നിർണായക ഘട്ടത്തിലാണ് ശിവസേനക്ക് പിറകെ എൻ. സി.പിയും പിളരുന്നത്. ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് മേൽകൈ നേടാനാകുമെന്നാണ് കരുതുന്നത്.
എം.വി.എയുടെ ശിൽപി ശരദ്പവാറിനെ അജിത്പവാറിന്റെ വിമതനീക്കത്തിലൂടെ നിരായുധനാക്കാനാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. അജിത് ബി.ജെ.പിക്കൊപ്പം പോകുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നതാണ്. അന്നുതൊട്ട് എൻ.സി.പിയുടെ പ്രധാന യോഗങ്ങളിൽ അജിത് മാറ്റിനിർത്തപ്പെട്ടു. ഒടുവിൽ വിശ്വസ്തനായിരുന്ന പ്രഫുൽ പട്ടേലിനൊപ്പം മകൾ സുപ്രിയ സുലെയെ പാർട്ടിയുടെ ദേശീയ പ്രസിഡന്റായി പ്രഖ്യാപിച്ച് പവാർ ജ്യേഷ്ഠ പുത്രനായ അജിത്തല്ല, മകളാണ് തന്റെ പിൻഗാമിയെന്ന് അടിവരയിടുകയും ചെയ്തു. തൊട്ടുപിറകെ പ്രതിപക്ഷ നേതാവ് പദവിയല്ല, പാർട്ടിയിൽ പ്രധാന റോൾ വേണമെന്ന് അജിത് നിലപാട് കടുപ്പിച്ചു. അജിത്തിന്റെ ആവശ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആറിന് പവാർ യോഗം വിളിച്ചിരിക്കെയാണ് ഞായറാഴ്ച അജിത് ബി.ജെ.പിയുമായി കൈകോർക്കുന്നത്. പാർട്ടി നേതൃത്വത്തോടുള്ള അജിത്തിന്റെ വെല്ലുവിളിക്കൊപ്പം, ബി.ജെ.പി നേതാവായ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പവാറിന് നേരെയുള്ള വെല്ലുവിളിയും ചേർത്തു വായിക്കപ്പെടുന്നു.
അജിത്പവാറിനൊപ്പം പോയവരിൽ ഛഗൻ ഭുജ്ബൽ, ദിലീപ് വൽസേ പാട്ടീൽ, ഹസൻ മുശരിഫ് തുടങ്ങിയ പവാറിന്റെ വിശ്വസ്തരുമുണ്ട്. മറ്റൊരു വിശ്വസ്തൻ സുനിൽ തത്കരെയുടെ മകളും അജിത്തിനൊപ്പം മന്ത്രിയായി പ്രതിജ്ഞ ചെയ്തു. പ്രഫുൽ പട്ടേലും അജിത്തിനോടൊപ്പമാണ്. അജിത്തിന്റെ വിമതനീക്കം പവാറിന്റെ അറിവോടെയാണോയെന്ന സംശയത്തിനാണ് ഇത് ഇടവെക്കുന്നത്.
അജിത്ത് ഉൾപ്പെടെയുള്ള വിമതർ വിവിധ ഏജൻസികളുടെ അന്വേഷണം നേരിടുന്നവരാണ്. പഞ്ചസാര സഹകരണ ഫാക്ടറിയുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഹസൻ മുശരിഫ് ബോംബെ ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലാണ്. ഈയിടെയാണ്, 70,000 കോടി രൂപയുടെ ജലസേചനപദ്ധതി അഴിമതിക്കേസിൽ എൻ.സി.പി നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയത്. ജലസേചന, സഹകരണ ബാങ്ക് അഴിമതിക്കേസുകളിൽ ജപ്തി നോട്ടീസും അന്വേഷണവും നേരിടുകയാണ് അജിത്പവാർ. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇക്ബാൽ മിർച്ചിയുടെ കെട്ടിട ഇടപാട് കേസിൽ പ്രഫുൽ പട്ടേലും അന്വേഷണം നേരിടുന്നു.
അതേസമയം, കുടുംബക്കാരണവർ കൂടിയായ ശരദ് പവാറിന്റെ നിഴലിൽനിന്ന് മാറി സ്വന്തമായ രാഷ്ട്രീയ ഇടം അജിത്പവാർ ആഗ്രഹിക്കുന്നുമുണ്ട്. മുഖ്യമന്ത്രിപദമാണ് അജിത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.