രാഹുൽ ഗാന്ധിയുടെ കൂടെ റിജിൽ മാക്കുറ്റി നടക്കുന്ന ഫോട്ടോ ഉപയോഗിച്ച് ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണം
text_fieldsകണ്ണൂർ: 'ഭാരത് ജോഡോ' യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം യൂത്ത് കോൺഗ്രസ് നേതാവും മലയാളിയുമായ റിജിൽ മാക്കുറ്റി നടക്കുന്ന ചിത്രം ഉപയോഗിച്ച് ബി.ജെ.പിയുടെ വിദ്വേഷപ്രചാരണം. ബി.ജെ.പി ഐ.ടി സെൽ ദേശീയ തലവൻ അമിത് മാളവ്യ അടക്കമുള്ളവർ ഈ ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബീഫ് നിരോധന നീക്കത്തിനെതിരെ റിജിലിന്റെ നേതൃത്വത്തിൽ കാളയെ അറുത്ത് കണ്ണൂരിൽ നടത്തിയ പ്രതിഷേധത്തിന്റെ വിഡിയോയും ഇതോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. 'പശു ഘാതകൻ റിജിൽ മാക്കുറ്റിയോടൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ' എന്ന തലക്കെട്ടിൽ നിരവധി ഉത്തരേന്ത്യൻ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. 'പകൽവെളിച്ചത്തിൽ പശുവിനെ അറുത്ത റിജിൽ മാക്കുറ്റിക്കൊപ്പം രാഹുൽ ഗാന്ധി' എന്ന രീതിയിലാണ് വാർത്തകൾ.
പശുവിന്റെ പേരിൽ രാജ്യത്ത് നിരവധി മുസ്‍ലിംകളെയാണ് സംഘ്പരിവാറുകാർ ആൾക്കൂട്ടക്കൊലക്ക് വിധേയമാക്കിയത്. മുഹമ്മദ് അഖ്‌ലാഖ്, നുഅമാന്‍, സാഹിദ് അഹമദ്, ഇംതിയാസ് ഖാന്‍, മജ്‌ലൂം, മുഹമ്മദ് അയൂബ് മേവ്, പെഹ്‌ലു ഖാന്‍ തുടങ്ങി ഗോസംരക്ഷണസമിതിക്കാരുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ടവരുടെ നിര നീണ്ടതാണ്. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു റിജിലിന്റെ പ്രതിഷേധം. സംഭവത്തിൽ, പൊതുസ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ അറവ് നടത്തിയതിന് റിജിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഹിന്ദു വിദ്വേഷം മറച്ചുവെക്കാൻ പോലും കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ കൂട്ടാളി മാക്കുറ്റിയാണെന്നും അമിത് മാളവ്യ ആരോപിച്ചു. "26/11ന്റെ പേരിൽ (മുംബൈ ഭീകരാക്രമണം) ആർ.എസ്.എസിനെ കുറ്റപ്പെടുത്തിയ ദിഗ്‌വിജയ സിങ്ങാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗാന്ധി കുടുംബത്തിന്റെ നോമിനി. തെരുവിൽ പശുക്കിടാവിനെ കശാപ്പ് ചെയ്ത റിജിൽ മാക്കുറ്റിയാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ കൂടെയുള്ളത്. കോൺഗ്രസ് ഹിന്ദുക്കളോടുള്ള വിദ്വേഷം മറച്ചുവെക്കാൻ പോലും ശ്രമിക്കുന്നില്ല' -എന്നാണ് അമിത് മാളവ്യയുടെ ട്വീറ്റ്.
മനുഷ്യരെ പച്ചക്ക് കൊല്ലുന്നവരാണ് ഭക്ഷണത്തിന് വേണ്ടി കാലികളെ അറുക്കുന്നതിനെ വിവാദമാക്കുന്നതെന്ന് റിജിൽ മാക്കുറ്റി 'മാധ്യമം ഓൺലൈനി'നോട് പ്രതികരിച്ചു. 'തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലും ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത ബി.ജെ.പി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്തതിനാലാണ് അവർ മതത്തെയും വർഗീയതെയും വലിച്ചിഴച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇതിന് ഉത്തരേന്ത്യൻ മാധ്യമങ്ങളെയും വില കൊടുത്ത് വരുതിയിലാക്കിയിരിക്കുകയാണ്. രാഹുൽ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചപ്പോഴുള്ള പഴയ ചിത്രം കുത്തിപ്പൊക്കി കേരളത്തിൽ സി.പി.എം നടത്തുന്ന പ്രചാരണവും വടക്കേയിന്ത്യയിൽ ബി.ജെ.പി നടത്തുന്ന വിദ്വേഷ പ്രചരണവും ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് തെളിവാണ്' -റിജിൽ മാക്കുറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.